ദോഹയിൽ നാലു നില അപ്പാർട്‌മെന്റ് ഇടിഞ്ഞുവീണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയായത് നിർമാണത്തിലും അറ്റകുറ്റപ്പണിയിലും വരുത്തിയ ഗുരുതര വീഴ്ച

0
1565

ദോഹ: ദോഹ അൽ മൻസൂറയിലെ ബിൻ ദർഹമിൽ നാലു നില അപ്പാർട്‌മെന്റ് ഇടിഞ്ഞുവീണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയായത് നിർമാണത്തിലും അറ്റകുറ്റപ്പണിയിലും വരുത്തിയ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. പബ്ലിക് പ്രോസിക്യൂഷൻ ആണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്തുവിട്ടത്.

കെട്ടിടത്തിന്റെ ഉടമ മുതൽ അറ്റകുറ്റപ്പണി നടത്തിയ കമ്പനി ഉൾപ്പെടെയുള്ളവരെ ക്രിമിനൽ കോടതിക്ക് കൈമാറും. സാങ്കേതിക വശങ്ങൾ അന്വേഷിക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകൾ കൂടി  ഉൾപ്പെട്ടതാണ് അന്വേഷണ റിപ്പോർട്ട്.

കെട്ടിടത്തിന്റെ ഉടമ, പ്രധാന കരാറുകാരൻ, പ്രൊജക്ട് കൺസൽറ്റന്റ്, അറ്റകുറ്റപ്പണി നടത്തിയ കമ്പനി  എന്നിവരെ ക്രിമിനൽ കോടതിയിലേക്ക് കൈമാറാൻ അറ്റോർണി ജനറൽ നിർദേശിച്ചിട്ടുണ്ട്. നിർമാണത്തിൽ നിർദിഷ്ട മാനദണ്ഡങ്ങളോ സാങ്കേതിക ചട്ടങ്ങളോ പാലിച്ചിട്ടില്ല.

അറ്റകുറ്റപ്പണികൾ നടത്തിയത് സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണ്. മാർച്ച് 22ന് രാവിലെ എട്ടരയോടെയാണ് ബിൻ ദിർഹമിലെ പഴയ നാലു നില കെട്ടിടം തകർന്നു വീണത്. അപകടത്തിൽ ദോഹയിലെ പ്രശസ്ത കലാകാരനായിരുന്ന നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി, മലപ്പുറം പൊന്നാനി സ്വദേശികളായ അബു.ടി.മമ്മദൂട്ടി, നൗഷാദ് മണ്ണറയിൽ, കാസർകോട് പുളിക്കൂർ മുഹമ്മദ് അഷ്‌റഫ് എന്നീ 4 മലയാളികൾ ഉൾപ്പെടെ 6 ഇന്ത്യക്കാരും മരിച്ചു.