26 വർഷം മുമ്പുള്ള കേസ്; സന്ദർശക വിസയിൽ മകന്റെ അടുത്തേക്ക് എത്തിയ മലയാളി ദമ്പതികളിൽ പിതാവിനെ സഊദി എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു

0
4583

ദമാം: വർഷങ്ങൾക്ക് മുമ്പുള്ള കേസിനെ തുടർന്ന് സഊദിയിൽ ഇറങ്ങാൻ കഴിയാതെ മലയാളിക്ക് തിരിച്ചു പോകേണ്ടി വന്നു. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കുടുംബത്തിനാണ് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയ സംഭവം ഉണ്ടായത്. മകന്റെ അടുത്തേക്ക് പുതിയ വിസയിൽ മാതാവും പിതാവും ദമാം എയർപോർട്ടിൽ ഇറങ്ങിയെങ്കിലും മാതാവിനെ കടത്തി വിടുകയും പിതാവിനെ എമിഗ്രെഷനിൽ വെച്ച് തടഞ്ഞു വെക്കുകയുമായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മകൻ നൽകിയ വിസിറ്റ് വിസയിലാണ് ദമാം എയർപോർട്ടിൽ മാതാവും പിതാവും ദമാമിൽ ഇറങ്ങിയത്. അതിൽ മാതാവിന് മാത്രമാണ് പുറത്തിറങ്ങാനായത്. പിതാവിനെ അധികൃതർ തടഞ്ഞു വെച്ചു. അവസാനം മകൻ പിതാവിന് തിരിച്ചു പോകാനുള്ള ടിക്കറ്റും ബോർഡിങ് പാസും എയർപോർട്ട് പാസ്പോർട്ട് വിഭാഗത്തിൽ എടുത്തു നൽകിയതിന് ശേഷം പിറ്റേ ദിവസം അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചു.

26 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു കേസിൽ ഇപ്പോളും മുൻപ്രവാസിയായ അദ്ദേഹത്തിനു സഊദി പ്രവേശന വിലക്ക് നിലനിൽക്കുന്നുവെന്നാണ് അന്വേഷിച്ചപ്പോൾ വ്യക്തമായത്. വിസിറ്റിങ് വിസ എടുത്തു നൽകിയ മകൻ ജനിക്കുന്നതിനും മുൻപേ 26 കൊല്ലങ്ങൾക്ക് മുൻപ് ദമാം അൽ ഖത്വീഫിൽ തയ്യൽ ജോലിയിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ, സ്പോൺസറിൽ നിന്നും ചാടിപ്പോയി ഹുറൂബ് ആക്കപ്പെട്ട നിലയിൽ സ്വന്തമായി ജോലി നോക്കുന്നതിനിടയിൽ തന്റെ കട നിൽക്കുന്ന ബിൽഡിങ്ങിൽ ചാരായക്കേസിൽ (വാറ്റ് കച്ചവടം) ആളുകൾ പിടിക്കപ്പെട്ടപ്പോൾ ആ കൂട്ടത്തിൽ ഇദ്ദേഹവും പിടിയിലായി.

ഇഖാമ പരിശോധനയിൽ ഇഖാമ ഇല്ലാത്ത ഇദ്ദേഹവും ആ ലിസ്റ്റിൽ ഉൾപ്പെട്ടു. ജയിൽ ശിക്ഷ കഴിഞ്ഞു നാടുകടത്തപ്പെട്ടു. ശേഷം 26 കൊല്ലം കഴിഞ്ഞാണ് മകൻ നൽകിയ സന്ദർശന വിസയിൽ രണ്ടു ദിവസം മുമ്പ് ദമാം എയർപോർട്ടിൽ വന്നിറങ്ങിയത്. പക്ഷെ നാടുകടത്തപ്പെട്ട കുറ്റവാളികൾക്ക് രാജ്യ പ്രവേശനത്തിന് ആജീവനാനന്ത വിലക്ക് എന്ന നിയമക്കുരുക്കിൽ അദ്ദേഹവും ഉൾപ്പെടുകയായിരുന്നു. ഒടുവിൽ പുറത്തിറങ്ങാൻ കഴിയാതെ, ഹൃദ്രോഗി കൂടിയായ ആദ്ദേഹം ഏറെ വിഷമത്തോടെ നാട്ടിലേക്ക് തിരിച്ചു പോയി. ഒപ്പം വന്ന അദ്ദേഹത്തിന്റെ ഭാര്യ മറ്റു മാർഗങ്ങളില്ലാതെ അവരെ സ്വീകരിക്കാൻ വന്ന തന്റെ മകനോടും കുടുംബത്തോടും ഒപ്പം അൽ അഹ്സയിലേക്കും യാത്ര തിരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക