ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ്; നിർണായക ലോകായുക്ത വിധി കാത്ത് സർക്കാർ

0
1092

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്ത ഇന്ന് വിധി പറയും. വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പറയുന്നത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസിലാണ് വിധി. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ. കെകെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിധി. കഴിഞ്ഞവർഷം മാർച്ച് 18ന് വാദം പൂർത്തിയായിട്ടും വിധി വൈകിയത് വിവാദമായിരുന്നു.

വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനാൽ പരാതിക്കാരനായ ആർ.എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നൽകാൻ നിർദേശിച്ച കോടതി, ഏപ്രിൽ മൂന്നിലേക്ക് കേസ് മാറ്റിയതിനിടെയാണ് ലോകായുകത കേസിൽ ഇന്ന് വിധി പറയാൻ തീരുമാനിച്ചത്. കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള വിധി മുന്നിൽ കണ്ടാണ് നീക്കമെന്നായിരുന്നു ആക്ഷേപം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക