കോഴിക്കോട് നിന്നുള്ള സ്‌പൈസ് ജെറ്റ്‌ വിമാനം ജിദ്ദയിൽ എത്തിയത് ലഗേജുകൾ ഇല്ലാതെ, പ്രതിഷേധിച്ച് യാത്രക്കാർ

0
3732

ജിദ്ദ: കോഴിക്കോട് നിന്നുള്ള സ്‌പൈസ് ജെറ്റ്‌ വിമാനം ജിദ്ദയിൽ എത്തിയത് ലഗേജുകൾ ഇല്ലാതെ. തിങ്കളാഴ്ച കരിപ്പൂരിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാർക്കാണ് ലഗേജുകൾ ലഭിക്കാതെ വന്നത്. ഇതേ തുടർന്ന് ജിദ്ദയിൽ വിമാനമിറങ്ങിയ യാത്രക്കാർ രോഷാകുലരായി. രാവിലെ വന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെയും ഉച്ചക്ക് ശേഷം വന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെയും പല യാത്രക്കാർക്കുമാണ് ലഗേജുകൾ ലഭിക്കാതെ വന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് വിമാനത്തവളത്തിൽ നിന്ന് പുലർച്ചെ 5:55 ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാന സർവ്വീസിൽ എത്തിയ പല യാത്രക്കാർക്കും ലഗേജുകൾ ലഭിച്ചില്ല. 10 മണിയോടെ ജിദ്ദയിൽ ഇറങ്ങിയ യാത്രകാരിൽ പലർക്കും ലഗേജ്‌ ലഭിക്കാതെ വന്നതോടെ യാത്രക്കാർ പ്രതിഷേധമുയർത്തി സ്‌പൈസ് ജെറ്റ് അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ, ഉച്ചക്ക് 2:30 വരുന്ന അടുത്ത വിമാനത്തിൽ ലഗേജ്‌ എത്തുമെന്നും അത് വരെ കാത്തിരിക്കണം എന്നുമായിരുന്നു മറുപടി. ഇതോടെ, ഉംറ തീർത്ഥടകരും സ്ത്രീകളും കുട്ടികളും, വൃദ്ധരും ദീർഘ ദൂര യാത്രക്കാരും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ദുരിതത്തിലായി. കാത്ത് നിൽക്കാതെ നിവൃത്തിയില്ലെന്നതിനാൽ ഇവർ അത് വരെ വിമാനത്താവളത്തിൽ കഴിച്ചു കൂട്ടി.

ഉച്ചക്ക് ശേഷം 2:30 ന് കരിപ്പൂരിൽ നിന്ന് രണ്ടാമത്തെ സ്‌പൈസ് ജെറ്റ് വിമാനം എത്തിയെങ്കിലും മണിക്കൂറുകൾ കാത്ത് നിന്ന പലർക്കും നിരാശയായിരുന്നു ഫലം. ആദ്യ വിമാനത്തിൽ എത്തിയവരിൽ പലർക്കും ലഗേജ്‌ കിട്ടിയില്ലെന്നു മാത്രമല്ല, രണ്ടാമത്തെ വിമാനത്തിൽ എത്തിയവരിൽ പലരുടെയും ലഗേജുകളും എത്തിയിരുന്നില്ല. തുടർന്ന് വീണ്ടും ബഹളമായി. ഭക്ഷണം പോലുമില്ലാതെ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കടുത്ത ദുരിതമാണ് നേരിട്ടത്.

അതേസമയം, രണ്ടാമത്തെ വിമാനത്തിൽ മുഴുവൻ ലഗേജുകളും എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് പരിശോധനകൾ വൈകിയതാണ് ഇത് ലഭിക്കാതിരിക്കുന്നതെന്നും കസ്റ്റംസ് പരിശോധന പൂർത്തിയാക്കി നാളെയോടെ യാത്രക്കാർക്ക് ലഭിക്കുമെന്നുമാണ് സ്‌പൈസ് ജെറ്റ് അധികൃതർ പറയുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക