ദുബൈ: പ്രവാസലോകത്ത് നൊമ്പരമായി മാറിയ ജമീല താത്തയുടെ കദന കഥ ഏറ്റെടുത്ത് യൂത്ത് ലീഗ്. പ്രവാസികൾ ചോര നീരാക്കി കുടുംബം പോറ്റാൻ കടൽ കടന്ന് ഇവിടെ എത്തി വർഷങ്ങളോളം തനിച്ച് ജീവിച്ച് തിരിച്ചെത്തുമ്പോൾ ആട്ടും തുപ്പും മാത്രമാകുമെന്ന കഥകൾ കേട്ടുവെങ്കിലും മുന്നിൽ കണ്ട ഈ പച്ചയായ സംഭവം പ്രവാസ ലോകത്ത് നൊമ്പരമായി മാറിയിരുന്നു. ജീവിതം മുഴുവൻ ഈ മണലാരുണ്യത്തിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയായതെല്ലാം ഏക മകൾക്കും പേരകുട്ടികൾക്കും നൽകിയപ്പോഴും സ്വന്തമായി എന്ന് പറയാൻ ഒന്നുമില്ലായിരുന്നുവെന്ന് മാത്രമല്ല, ഒടുവിൽ ആ മകളുടെ ഭർത്താവിന്റെ ആക്രോശത്തിൽ വീട് വീട്ടിറങ്ങേണ്ടി വരികയും വീണ്ടും 66 ആം വയസിൽ പ്രവാസി ജീവിതത്തിലേക്ക് നെടുവീർപ്പോടെ വിമാനം കയറുകയുമായിരുന്ന ജമീല താത്താക്ക് ഇതാ ഇപ്പോൾ മുസ്‌ലിം യൂത്ത് ലീഗിലൂടെ ഒരു ആശ്വാസം ലഭിച്ചിരിക്കുകയാണ്.
ദുബൈയിലെ മാധ്യമ പ്രവർത്തകൻ അരുൺ രാഘവൻ ആണ് ഈ പച്ചയായ യാഥാർഥ്യം പുറം ലോകത്തെ അറിയിച്ചതോടെയാണ് പ്രവാസ ലോകത്തെ ഈ പച്ചയായ യാദാർഥ്യം പുറം ലോകം അറിഞ്ഞത്. പിന്നാലെ, മലയാളംപ്രസ്സ് ഉൾപ്പെടെയുള്ള ചില ഓൺലൈൻ മാധ്യമങ്ങൾ ഇത് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തതോടെ നൊമ്പര വാർത്ത വൈറലായി. ഒടുവിൽ ഇതാ ജമീല താത്തയുടെ സ്വപ്നം പൂവണിയുന്നു. യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തന്നെയാണ് ഇക്കാര്യം അരുൺ രാഘവനെ നേരിട്ട് അറിയിച്ചത്.
അറുപത്തിയാറുകാരി ജമീലത്തയുടെ ദുരവസ്ഥ ഇന്നലെ രാവിലെയാണ് പുറത്ത് വന്നത്. ഞാൻ മുനവറലിയാണ് വാർത്തകണ്ടിരുന്നു എന്ന മുഖവുരയോടെ, വൈകീട്ട് അഞ്ചരയോടെ ഓഫീസിലേക്ക് ഒരു ഫോൺകോളെത്തിയെന്നും അരുൺ ഫെസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
‘ഒരുപാട് വിഷമമായി ആ ഉമ്മയെ ഒന്ന് കാണാൻ പറ്റുമോയെന്ന് അറിയാനാണ് വിളിച്ചതെന്നായിരുന്നു തങ്ങളുടെ ശബ്ദം. രാത്രി പത്തുമണിയോടെ ദുബൈ ഖിസൈസിൽ ജമീല വീട്ടുവേലചെയ്യുന്ന ഫ്ലാറ്റിലെത്തി അവരെകണ്ട് തങ്ങൾ ആ സന്തോഷവാർത്ത അറിയിച്ചു. ഉമ്മ വിഷമിക്കേണ്ട വീട് നമ്മള് വച്ചു തരാം. സത്യത്തിൽ ഉമ്മയ്ക്ക് മാത്രമല്ല ഞങ്ങൾക്കും അത് പകർന്ന സന്തോഷം ചെറുതല്ലെന്ന് അരുൺ വ്യക്തമാക്കി. സഹായ ഹസ്തവുമായി മുന്നോട്ടെത്തിയ ആരാധ്യനായ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ ചേർത്തുപിടിച്ച സുഹൃത്തുക്കൾ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദിയെന്നും അരുൺ അറിയിച്ചു.




