ജിദ്ദ: ‘എയ്റ്റ് വണ്ടേഴ്സ് ഗ്രൂപ്പ്’ ജിദ്ദയിൽ പ്രവാസികൾക്കായി വര്ണ്ണാഭമായ ഈദ് വിരുന്ന് ഒരുക്കുന്നു. കലാ ആസ്വാദകർ നെഞ്ചിലേറ്റിയ വിനോദ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 23 ഞായറാഴ്ച ജിദ്ദ ഉസ്ഫാനിലെ എക്സ്ട്രിൻ പാർക്കിൽ വെച്ച് നടത്തപ്പെടുന്ന സംഗീത കലാ വിരുന്ന് ജിദ്ദയിലെ കലാ പ്രേമികൾക്ക് പുതിയ അനുഭവം ആയിരിക്കുമെന്നും അവർ പറഞ്ഞു.
സുരാജ് വെഞ്ഞാറംമൂട്, ഹണി റോസ്, റിമി ടോമി, ലക്ഷ്മി നക്ഷത്ര, അഫ്സൽ, സയനോര, ഡയാന ഹമീദ്, അദുൽ, സജിലി, അഖിൽ കാവലയൂർ, തങ്കച്ചൻ, മഹേഷ് കുഞ്ഞുമോൻ, ബിനീഷ് ബാസ്റ്റിൻ, ശ്രുതി, ഷിയാസ്, ഷഹ്സ്, സഞ്ജിത് സലാം എന്നീ സെലിബ്രിറ്റികൾ ആവേശ പ്രകടനങ്ങൾകൊണ്ട് ജിദ്ദയെ പുളകം കൊള്ളിക്കാൻ നാട്ടിൽ നിന്നും എത്തുമെന്നും അവർ പറഞ്ഞു. ഇതിന് പുറമെ സഊദിയിലെ ടീമിന്റെ ഡാൻസ് പരിപാടിയും ഉണ്ടായിരിക്കും.
‘ഈദ് നൈറ്റ് ഗ്രാൻഡ് ഇവെന്റ്’ എന്ന് പേരിട്ട പരിപാടിയിൽ വാട്ടർ ഡ്രം ഡി ജെ, വൺ മാൻ ഷോ കോമഡി, നൃത്ത കലകൾ, മനോഹര ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള തുടങ്ങിയ പരിപാടികളാൽ ശ്രദ്ധേയമാകും. നാല് മണിക്കൂർ ദൈർഘ്യമുള്ള ഷോ കലാ പ്രേമികൾ മുടക്കുന്ന തുകക്കും മുകളിലായിരിക്കുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. പരിപാടിയുടെ ടിക്കറ്റുകൾ 40, 80, 150, 250 എന്നീ നിരക്കിലായിരിക്കും വിൽക്കപ്പെടുക എന്നും ക്ഷണിക്കപ്പെട്ട അഥിതികൾക്കും സ്പോൺസർമാർക്കും റെഡ് കാർപെറ്റ് പരിഗണന ലഭിക്കുമെന്നും അവർ പറഞ്ഞു.
ജിദ്ദ സീസൺസ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ എയ്റ്റ് വണ്ടേഴ്സ് ഭാരവാഹികളായ സാഗർ എടപ്പാൾ, ശറഫു നിലമ്പൂർ, ഷരീഫ് കൊടുവള്ളി, ഷംസു മോങ്ങം, ഷാഫി അടിവാരം, റൗഫ് ചാത്തേരി, റിയാസ് കിഴിശേരി, നിസാർ മഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. ഗഫൂർ ചാലിൽ, അഷ്റഫ് വലിയോറ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.




