താക്കോലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടി

0
2234

കരിപ്പൂർ: താക്കോലിനുള്ളിൽ ഒളിപ്പിച്ച്
കടത്താൻ ശ്രമിച്ച സ്വർണം
കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടി. രണ്ട്​ യാത്രക്കാരിൽ നിന്നായി 16.31 ലക്ഷത്തിന്‍റെ സ്വർണമാണ്​ എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ പിടികൂടിയത്​.

മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി ചക്കിപ്പാറ സൈതലവിയിൽ നിന്നാണ്​ താക്കോലിനുള്ളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്​. ഇയാൾ ഷാർജയിൽ നിന്നുള്ള എയർഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. ബാഗേജിലുണ്ടായിരുന്ന രണ്ട് താക്കോലുകൾ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോൾ സ്വർണനിർമിതമാണെന്ന് കണ്ടെത്തി.

സ്വർണപണിക്കാരന്‍റെ സഹായത്തോടെ 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വർണം ഇതിൽനിന്ന് വേർതിരിച്ചെടുത്തു.
കോഴിക്കോട്​ പുതുപ്പാടി സ്വദേശി പള്ളിക്കുന്ന്​ സബീറലിയിൽ (40) നിന്ന് 14.36 ലക്ഷത്തിന്‍റെ സ്വർണവും പിടികൂടി. ഇയാൾ അബൂദബിയിൽ നിന്നുള്ള എയർഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. 258 ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്.