രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുന്നു, പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രവാസി വ്യവസായി കെജി എബ്രഹാം

0
1224

തിരുവനന്തപുരം: രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്നും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രവാസി വ്യവസായി കെജി എബ്രഹാം. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല.

‘ഇനി താൻ ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. നമ്മളെ ചൂഷണം ചെയ്യുകയാണ്. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും? എന്നിട്ടാണ് ചൂഷണം.

അടച്ചിട്ട വീടുകൾക്ക് സംസ്ഥാനം അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്. പ്രവാസികൾ നാട്ടിൽ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ല. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ പശ്ചാത്താപിക്കുകയാണെന്നും കെ ജി എബ്രഹാം തുറന്നടിച്ചു. 

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധി തട്ടിപ്പിന്റെ ആഴം കൂടുന്നതിനിടെയാണ് പ്രവാസി വ്യവസായി സർക്കാറിനെതിരെ തുറന്നടിക്കുന്നത്. പ്രവാസികളുടെ പണം പോലും സുരക്ഷിതമല്ലെന്ന വിമർശനം സർക്കാറിൻറെ അവകാശവാദങ്ങളെ സംശയത്തിലാക്കുന്നു.

പ്രളയകാലത്തും കൊവിഡ് സമയത്തും കേരളത്തിന് കയ്യയച്ചുള്ള സഹായമാണ് പ്രവാസികൾ നൽകിയത്. അതൊന്നും അർഹർക്കല്ല നൽകുന്നതെന്ന വിമർശനമാണ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നത്. 
പക്ഷേ. പ്രശ്നമുണ്ടെങ്കിൽ ഇടപെടുമെന്ന് പറഞ്ഞ് എബ്രഹാമിൻറെ വിമർശനങ്ങളെ ഗൗരവത്തിലെടുക്കുന്നില്ല സിപിഎം.