റിക്രൂട്ട്മെൻറ് ഏജൻസിയുടെ തടങ്കലിൽ ആയിരുന്ന മലയാളി വനിതകൾക്ക് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ മോചനം

0
1484

കുവൈത് സിറ്റി: കുവൈത്തിൽ റിക്രൂട്ട്മെൻറ് ഏജൻസിയുടെ തടങ്കലിൽ ആയിരുന്ന മലയാളി വനിതകൾക്ക് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ മോചനം. ഗാർഹിക ജോലിക്കായി കുവൈറ്റിൽ എത്തിയ കോട്ടയം സ്വദേശികളായ രാധിക, ജാൻസി എന്നിവരാണ് ഒടുവിൽ ഏറെ ബുദ്ധിമുട്ടുകൾക്കൊടുവിൽ മോചിതരായത്. 2022 ഡിസംബർ 13 ന് കുവൈറ്റിലെത്തിയതായിരുന്നു ഇരുവരും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിലെ ക്ലൈമറ്റുമായി പൊരുത്തപ്പെടാൻ കഴിയാതിരുന്നതിനാൽ രാധികയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഫീൽ രാധികയെ ഹവല്ലിയിൽ പ്രവർത്തിക്കുന്ന രാജു എന്ന വ്യക്തിയുടെ ഏജൻസിയിൽ തിരികെ കൊണ്ടാക്കി. ഏകദേശം സമാന അനുഭവത്തിൽ ജാൻസി ഒരു മാസം മുന്നേ തന്നെ ഏജൻസിയിലെ ഫ്ലാറ്റിൽ എത്തിയിരുന്നു. ഒന്നരലക്ഷം രൂപ നൽകിയാൽ മാത്രമേ ഇരുവരെയും നാട് കാണിക്കൂ എന്നുള്ള ഭീഷണിയിൽ ജാൻസിക്കൊപ്പം രാധികയും ഹവല്ലിയിലെ ഫ്ലാറ്റിൽ ബന്ധിക്കപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇരുവർക്കും ഈ തുക നൽകി നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയുമായിരുന്നില്ല. ബന്ധനത്തിൽ കിടന്നുകൊണ്ടുതന്നെ രാധിക എംബസിയിലുള്ള പല ഉദ്യോഗസ്ഥരെയും സംഘടന പ്രവർത്തകരെയും ബന്ധപ്പെട്ടെ
ങ്കിലും ഫലം ഉണ്ടായില്ല.

തുടർന്ന് ആഴ്ചകൾക്ക് ശേഷം രാധിക സഊദി അറേബ്യയിലെ പ്ലീസ് ഇന്ത്യ നിയമ സഹായ സംഘടനയുടെ പ്രവർത്തകരെ വിളിച്ച് നാട്ടിലെത്താൻ സഹായം അഭ്യർത്ഥിച്ചതോടെയാണ് വഴി തെളിഞ്ഞത്. പ്ലീസ് ഇന്ത്യയുടെ കുവൈറ്റ്‌ അംഗമായ സുധീഷ അഞ്ചുതെങ്ങിന് വിവരങ്ങൾ കൈമാറുകയും വേണ്ട സഹായം ചെയ്യാൻ നിർദേശിക്കുകയും ചെയ്തു. സുധീഷ അഞ്ചുതെങ്ങ് കുവൈറ്റിലെ ഇവരുടെ ഏജൻറ് ഷാജിയുമായി ബന്ധപ്പെട്ടപ്പോൾ ഒന്നരലക്ഷം രൂപ വേണ്ടെന്ന് പറയുകയും പത്താം ക്ലാസ് പോലും പാസാകാത്ത അവരെ പുഷിങ്ങിലൂടെ (നിയമപരമല്ലാത്ത തള്ളിക്കയറ്റം) ആണ് കയറ്റി കൊണ്ടുവന്നതെന്നും അതിനാൽ 75,000 രൂപയും തിരികെ പോകുന്ന ടിക്കറ്റ് സ്വന്തമായി എടുക്കുകയും ചെയ്യണമെന്ന് അറിയിച്ചു.

സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അവസ്ഥ പുറംലോകത്തെ അറിയിച്ചതിൻറെ പേരിൽ രാജുവിന്റെയും ഷാജിയുടെയും ഭീഷണിപ്പെടുത്തലുകൾ കൂടി വന്നതിനാൽ ഇരുവരും മാനസികമായി വളരെയധികം തകർന്ന അവസ്ഥയിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും അവസ്ഥ ബോധ്യപ്പെട്ട സഊദി അറേബ്യയിലെ സാമൂഹ്യപ്രവർത്തകനായ അൻഷാദ് കരുനാഗപ്പള്ളി ഫോണിൽ ബന്ധപ്പെട്ട് ഇരുവർക്കും വേണ്ട സപ്പോർട്ട് നൽകുകയും സുധീഷാ അഞ്ചുതെങ്ങിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന പിന്തുണ നൽകുകയും ചെയ്തു.

സുധീഷയുടെ നിരന്തര ഇടപെടലിനൊടുവിൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ കാര്യങ്ങൾ സുഗമമായി അവസാനിക്കുകയായിരുന്നു. നിയമനടപടി ഭയന്ന് ഇരുവരുടെയും നാട്ടിലെ ഏജൻറ്മാർ ഷാജി ആവശ്യപ്പെട്ട തുകയും ടിക്കറ്റും നൽകി രണ്ടുപേരെയും നാട്ടിലെത്തിക്കാൻ സന്നദ്ധരാവുകയായിരുന്നു. തുടർന്ന് രാധികയും ജാൻസിയും സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ ഇരുവരും കുടുംബാംഗങ്ങൾക്കൊപ്പം പ്ലീസ് ഇന്ത്യ പ്രവർത്തകർക്കും സുധീഷ അഞ്ചുതെങ്ങിനും അൻഷാദ് കരുനാഗപ്പള്ളിക്കും നന്ദി അറിയിച്ചു.

ആയിരം ദിനാറിൽ കൂടുതൽ ഏജൻസികൾക്ക് നൽകിയാണ്‌ ഓരോ കുവൈറ്റിയും തങ്ങൾക്ക് ആവശ്യമുള്ള ഗാർഹിക തൊഴിലാളികളെ ജോലിക്കായി എടുക്കുന്നത്. അതുകൊണ്ടുതന്നെ ഗാർഹിക ജോലിക്കായി വരുന്നവർ ഏജന്റിനോ ഏജൻസിക്കോ പണം നൽകേണ്ട ആവശ്യമില്ല. ഏജന്റിനെ കുറിച്ചും കഫീലിനെ കുറിച്ചും വ്യക്തമായ ധാരണയില്ലാതെ ദയവുചെയ്ത് ആരും ഗാർഹിക തൊഴിലിനായി കുവൈറ്റിലേക്ക് വരരുതെന്നും രാധികയെയും ജാൻസിയെയും നാട്ടിലേക്ക് കയറ്റിവിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അൻഷാദ് കരുനാഗപ്പള്ളിയും സുധീഷ അഞ്ചുതെങ്ങും മാധ്യമങ്ങളോട് പറഞ്ഞു

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക