റിയാദ്: സഊദിയിലും ഇന്ന് ഭൂചലനം രേഖപ്പടുത്തിയതായി നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ (ഞായർ) 7:55 ന് റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് സഊദി ജിയോളജിക്കൽ സർവേയുടെ ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല അറിയിച്ചു. രാജ്യത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 16 കിലോമീറ്റർ ആഴത്തിലാണെന്നാണ് കണ്ടെത്തൽ.
ഒമാനിൽ ഇന്ന് ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ ജിയോളജിക്കൽ വകുപ്പ് അറിയിച്ചിരുന്നു. ഒമാൻ സുൽത്താനേറ്റിന്റെ കിഴക്കൻ ഭാഗത്ത് സഊദി അതിർത്തിയിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ഭൂചലനമെന്ന് ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ ഖൈൽ പറഞ്ഞു.
ഭൂകമ്പ തീവ്രത ഭൂപടത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കി, ഈ ഭൂചലനം സഊദി പ്രദേശങ്ങളിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്നും അത് അപകടകരമല്ലെന്നും, അതിന്റെ സ്ഥാനം വിദൂരമാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന് സ്തുതി അർപ്പിക്കുന്നതായും അബൽ ഖൈൽ പ്രസ്താവിച്ചു.
ഭൂകമ്പങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നുവെന്നും അവ വിശകലനം ചെയ്യാനും ഭൂകമ്പ പ്രവർത്തനങ്ങളുടെ ഉറവിടങ്ങളും ശ്രേണികളും നിർണ്ണയിക്കാനും കേന്ദ്രം പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 291 ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ശാസ്ത്രീയ രീതിയിലാണ് നിരീക്ഷണങ്ങൾ വ്യാപിപ്പിച്ചിരിക്കുന്നത്.




