കുടുംബത്തെ കണ്ടിട്ട് പതിനഞ്ച് വർഷം; ഒടുവിൽ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ അദ്ദേഹം മരണത്തിനു കീഴടങ്ങി

0
3973

റിയാദ്: കുടുംബത്തെ കണ്ടിട്ട്
പതിനഞ്ച് വർഷം. ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ അദ്ദേഹം മരണത്തിനു കീഴടങ്ങി.

നാട്ടിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി വേണുഗോപാല പിള്ള (68) മേലേ വീട്ടിൽ മരണത്തിന് കീഴടങ്ങിയത്.

1979 ലാണ് പ്രവാസ ജീവിതം ആരംഭിച്ചത്. അവസാനം അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വന്നത് 2008 ലാണ്. അതിനുശേഷം വീട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരു ബന്ധവുമില്ല. ഈ സമയമത്രയും ബന്ധുക്കൾ തിരയുകയായിരുന്നു. എന്നാൽ എവിടെയും കണ്ടെത്താനായില്ല. കുടുംബം 2019ൽ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

റിയാദിലെ സാമൂഹിക പ്രവര്‍ത്തകയുമായ വല്ലി ജോസ് നടത്തിയ അന്വേഷണത്തില്‍ റിയാദിലെ ഖാദിസിയ മഹ്‌റദില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. അവർ അവിടെ എത്തി സംസാരിച്ചപ്പോൾ നിങ്ങൾ അന്വേഷിക്കുന്ന ആളല്ല എന്ന മറുപടിയാണ് ലഭിച്ചത് ഇതോടെ തിരച്ചിൽ അവസാനിപ്പിച്ചു.

കാലങ്ങൾ പിന്നെയും കടന്നുപോയി. വേണുഗോപാലപിള്ളയ്ക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിടിപെടാൻ തുടങ്ങി. വയറ്റിലെ അർബുദവും പിടിപെട്ട് അവശനായി. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ സ്‌പോൺസർ ജോസിനെ ബന്ധപ്പെട്ടു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ ഒരു ശസ്ത്രക്രിയയും പൂർത്തിയായി. തുടർന്ന് നാട്ടിലേക്ക് അയക്കാനാണ് ശ്രമം തുടങ്ങിയെങ്കിലും പാസ്പോർട്ടിന്റെയും വിസയുടെയും കാലാവധി തീരുന്നത് തടസ്സമായി.

ഇന്ത്യന്‍ എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ എം.ആര്‍. സജീവിന്റെ ഇടപെടല്‍ രേഖകള്‍ ലഭ്യമാക്കാന്‍ സഹായിച്ചു. തുടർചികിത്സയ്ക്കുള്ള സൗകര്യങ്ങളും നാട്ടിൽ ഒരുക്കിയിരുന്നു. നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ രോഗം മൂർച്ഛിച്ചു. തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്ന് ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. പത്തുലക്ഷം റിയാലിന്റെ ചികിത്സയാണ് കഴിഞ്ഞ മാസങ്ങളിൽ ഇയാൾക്കായി നടത്തിയത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അജിത പിള്ളയാണ് ഭാര്യ. മക്കൾ: ബിനു പിള്ള, ജിഷ്ണു പിള്ള.