റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും ഇനി മുതൽ തൂക്കി വിൽക്കണം

0
4877

മക്ക: റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും ഇനി മുതൽ തൂക്കി വിൽക്കണം.
ഇല്ലെകിൽ സ്ഥാപനങ്ങൾക്ക് പതിനായിരം റിയാൽ വരെ പിഴ ചുമത്താൻ തീരുമാനിച്ചതായി മക്ക നഗരസഭ അറിയിച്ചു.

നിലവിൽ രാജ്യത്ത് പ്രാബല്യത്തിലുള്ള, നിശ്ചിത ആളുകൾക്കുള്ള പാകം ചെയ്ത ഇറച്ചിയും ഭക്ഷണങ്ങളും എന്ന രീതിക്കു പകരം നിശ്ചിത തൂക്കത്തിലുള്ള ഇറച്ചിയും ഭക്ഷണവും വിൽക്കാൻ നിർബന്ധിക്കുന്ന തീരുമാനം ഒരു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് മക്ക നഗരസഭാ വൃത്തങ്ങൾ അറിയിച്ചു.

തൂക്കത്തിലും അളവിലും പ്രത്യേക നിയന്ത്രണങ്ങളില്ലാതെ ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിൽക്കുന്ന രീതി ഇല്ലാതാക്കി തൂക്കത്തിന്റെ അടിസ്ഥാനത്തിൽ വിൽപന നടത്തുന്ന രീതി നിർബന്ധമാക്കി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വിൽപന മാനദണ്ഡങ്ങൾ നിയന്ത്രിക്കാനാണ് പുതിയ പദ്ധതിയിലൂടെ മക്ക നഗരസഭ ലക്ഷ്യമിടുന്നത്.

ഭക്ഷ്യവസ്തുക്കൾ തൂക്കി വിൽക്കാൻ ആവശ്യമായ ഡിജിറ്റൽ തുലാസ് ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് 1,000 റിയാൽ തോതിൽ പിഴ ചുമത്തും. കോഴിയിറച്ചി, ബീഫ്, മത്സ്യം എന്നിങ്ങിനെ ഇറച്ചിയുടെ ഇനങ്ങളും അവയുടെ ഉറവിടങ്ങളും വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കാത്തവർക്ക് 2,000 റിയാൽ തോതിൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് പതിനായിരം റിയാൽ വരെ പിഴ ലഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഇനവും വിലയും വ്യക്തമാക്കുന്ന പ്രത്യേക ബോർഡുകൾ സ്ഥാപിക്കാത്തവർക്ക് 1,000 റിയാൽ തോതിൽ പിഴ ചുമത്തും.