സഊദി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 19കാരി അറസ്റ്റിൽ

0
3557

റിയാദ്: യുഎസിലെ പെൻസിൽവാനിയയിൽ സൗദി വിദ്യാർത്ഥി അൽ വാലിദ് അൽ ഗരീബിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

25 കാരനായ സൗദി വിദ്യാർത്ഥിയെ വീടിനുള്ളിൽ കുത്തിക്കൊന്ന കേസിൽ 19കാരിയായ നിക്കോൾ മേരി റോജേഴ്സിനെയാണ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ അറസ്റ്റ് ചെയ്തത്.

നിക്കോൾ മേരി റോഡ്‌ജേഴ്‌സിനെതിരെ കൊലപാതകം, കവർച്ച, മറ്റ് അനുബന്ധ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഫിലാഡൽഫിയയിലെ ജർമൻടൗണിലെ ഹാൻസ്ബെറി സ്ട്രീറ്റിലെ 300 ബ്ലോക്കിലുള്ള ഒരു വീടിനുള്ളിൽ ജനുവരി 23 തിങ്കളാഴ്ച രാവിലെ 11:50 ഓടെയാണ് സംഭവം. കഴുത്തിൽ കുത്തേറ്റ 25കാരനെ മൂന്നാം നിലയിലെ കുളിമുറിയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് കൊലയാളി മൊബൈൽ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി കണ്ടെത്തി.