റിയാദ്: പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ സാധിച്ചുവെന്ന്
അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. പുതുതായി ചുമതലയേറ്റ അദ്ദേഹം എംബസിയിൽ ഇന്ത്യൻ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു.
പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയ രാജ്യത്തിന്റെ നിയമ പരിധിയില്‍ നിന്ന് ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എംബസി സാമൂഹികക്ഷേമ വിഭാഗം ഇക്കാര്യത്തില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി.
നിലവിൽ സൗദിയിലുള്ള ഇന്ത്യാക്കാരോടും എംബസിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അംബാസഡർ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആവശ്യഘട്ടങ്ങളിൽ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കാൻ അത് എംബസിക്ക് സഹായമായി മാറും.
സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണമെന്ന് അംബാസഡർ പറഞ്ഞു. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അത് ആവശ്യമാണ്.
പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ഇന്ത്യൻ എംബസി എല്ലായിപ്പോഴും ‘ഓപൺ ഹൗസാ’യാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റവും ഊഷ്മളമായ ബന്ധമാണുള്ളതെന്നും അംബാസഡർ പറഞ്ഞു. ജി-20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതിനാല്‍ അടുത്ത മാസങ്ങളില്‍ കൂടുതല്‍ ഉന്നതതല സന്ദര്‍ശനങ്ങളുണ്ടാകും. ഇരുരാജ്യങ്ങളും വ്യാപാര വാണിജ്യമേഖലയില്‍ സഹകരണമുണ്ട്. ഇന്ത്യയിലെ പെട്രോ കെമിക്കല്‍, അടിസ്ഥാന വികസനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളില്‍ സൗദി വ്യവസായികൾ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




