റിയാദ്: റിയാദ് സീസൺ കപ്പ് മത്സരം ഇതിനകം ആഗോള ശ്രദ്ധ നേടിയിട്ടുണ്ടെന്നും ജപ്പാൻ മുതൽ ഹവായ് വരെ ലോകമെമ്പാടും മത്സരം സംപ്രേഷണം ചെയ്യുമെന്നും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) തലവൻ തുർക്കി ആലു ഷെയ്ഖ് പറഞ്ഞു.
ജനുവരി 19 വ്യാഴാഴ്ച വൈകുന്നേരം റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ പിഎസ്ജിയെ നേരിടാനിരിക്കുന്ന അൽ-നസർ, അൽ-ഹിലാൽ ഉൾപ്പെടുന്ന സൗദി ഓൾ-സ്റ്റാർ ഇലവന്റെ ക്യാപ്റ്റനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു.
റിയാദിൽ നടന്ന ചടങ്ങിൽ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോയ്ക്ക് ഓൾ-സ്റ്റാർ ഇലവൻ ക്യാപ്റ്റന്റെ ആംബാൻഡും ഷർട്ടും ആലു ഷെയ്ഖ് സമ്മാനിച്ചു.
റിയാദ് സീസൺ കപ്പ് മത്സരം മിഡിൽ ഈസ്റ്റിലുടനീളം രണ്ട് പ്ലാറ്റ്‌ഫോമുകളിലായി സംപ്രേക്ഷണം ചെയ്യുമെന്ന് ആലു ഷൈഖ് പറഞ്ഞു. മത്സരം ഇതിനകം തന്നെ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്, തത്സമയ സംപ്രേക്ഷണത്തിനുള്ള അവകാശം നേടാൻ ടെലിവിഷൻ ചാനലുകൾ മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കളി കാണാനെത്തുന്ന ഫുട്ബോൾ ആരാധകരിൽ നിന്ന് മൂന്ന് പേർക്ക് ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, സേലം അൽ-ദോസരി എന്നിവർ ഒപ്പിട്ട ഷർട്ടുകൾ സ്വന്തമാക്കാൻ അവസരം നൽകും.
എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നതിനെത്തുടർന്ന് സംഘാടകർ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സൈറ്റ് അടച്ചതായി ജിഇഎ മേധാവി പറഞ്ഞു.
ഫ്രഞ്ച് താരം തിയറി ഹെൻറി, ഇറ്റാലിയൻ ഫ്രാൻസെസ്കോ ടോട്ടി എന്നിവർക്കൊപ്പം അൽ-ഹിലാലിൽ നിന്നുള്ള ഒരു താരവും അൽ-നസറിൽ നിന്നുള്ള മറ്റൊരു താരവും മത്സര സമയത്ത് കമന്ററി ബോക്സിൽ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ബിയോണ്ട് ഇമാജിനേഷൻ” എന്ന പ്രത്യേക ടിക്കറ്റിന്റെ ലേലത്തിന് 10 ദശലക്ഷം റിയാൽ ലഭിച്ചു. അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ഈ മാസം ആദ്യം സൗദി ക്ലബ് അൽ-നാസറുമായി ഒപ്പുവച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ താരതമ്യം ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
റൊണാൾഡോയുമായും മെസ്സിയുമായും എന്റെ ബന്ധം ശക്തമാണെന്ന് അൽ ഷെയ്ഖ് പറഞ്ഞു. ഞങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്ന് ക്രിസ്റ്റ്യാനോ എന്നോട് ചോദിച്ചു, മറഡോണയാണ് എനിക്ക് ഏറ്റവും വലിയവൻ എന്ന് ഞാൻ മറുപടി നൽകി എന്നും അദ്ദേഹം പറഞ്ഞു.




