കൊവിഡ് ഭീതിയിൽ രാജ്യങ്ങൾ, ഭീഷണിയായി പുതിയ വകഭേദങ്ങൾ; മാർഗനിർദേശങ്ങൾ പുതുക്കി ലോകാരോഗ്യസംഘടന

0
2347

ന്യൂയോർക്ക്: കൊവിഡ് മഹാമാരിയുടെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. പലരാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകൾ കുതിക്കുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളൊക്കെ ഒരിടവേളയ്ക്കു ശേഷം കൊവിഡ് പ്രതിരോധം ഊർജിതമാക്കിയിരിക്കുകയാണ്. പുതിയ വകഭേദങ്ങളാണ് മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലും ജനുവരി പകുതിയോടെ കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് ഈ മാസമാദ്യം കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയോളം നിർണായകമാണെന്നും വൈറസിന്റെ ജനിതകമാറ്റം പ്രവചനാതീതമായതിനാൽ തന്നെ വരുംകാലങ്ങളിലും കരുതിയിരിക്കണം എന്നുമാണ് ആരോഗ്യവിദഗ്ധർ അറിയിച്ചത്. വിദേശത്തുനിന്നു വരുന്നവരിൽ കോവി‍ഡ് വർധിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇന്ത്യയിലും വ്യാപനമുണ്ടായത്.

ഇപ്പോഴിതാ ലോകത്തെ വീണ്ടും കൊവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ കൊവിഡ് മാർഗനിർദേശങ്ങൾ പുതുക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. ആളുകൾ കൂടിച്ചേരുന്ന ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കൽ, കോവിഡ് സംബന്ധമായ ചികിത്സ തുടങ്ങിയ കാര്യങ്ങളിലാണ് ലോകാരോഗ്യസംഘടന പുതിയ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കൊവിഡിനെ തുരത്താൻ മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാസ്ക് ഉപയോഗം ഇനിയും തുടരണമെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതുക്കിയ മാർഗനിർദേശത്തിലും വ്യക്തമാക്കുന്നത്. പ്രാദേശിക തലത്തിൽ രോഗവ്യാപനം ഇല്ലെങ്കിലും ആഗോളതലത്തിലെ വ്യാപനം കണക്കിലെടുത്ത് ആളുകൾ കൂടിച്ചേരുന്ന ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നു പറയുകയാണ് ലോകാരോഗ്യസംഘടന.

കൊവിഡ് രോഗികൾ, കോവിഡ് ഉണ്ടെന്ന് സംശയിക്കുന്നവർ, കോവിഡ് അപകടസാധ്യതാ വിഭാഗത്തിൽ പെട്ടവർ, ആൾക്കൂട്ടങ്ങളിൽ, വായുസഞ്ചാരമില്ലാത്ത അടച്ചിട്ട ഇടങ്ങളിൽ ഇരിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളെല്ലാം മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദേശം. ഒപ്പം നേരത്തേ പാലിച്ചിരുന്ന ചില നിർദേശങ്ങൾ കൂടി പിന്തുടരേണ്ടതുണ്ടെന്നും നിഷ്കർഷിക്കുന്നുണ്ട്. അപകടസാധ്യതാ ഘട്ടങ്ങൾ പരിശോധിച്ച് മാസ്ക് നിർദേശിക്കുന്ന രീതിയാണിത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വർധിക്കുക, വാക്സിനേഷന്റെ തോത്, സമൂഹത്തിലെ പ്രതിരോധശേഷി തുടങ്ങിയവ കണക്കിലെടുത്തായിരിക്കണം അത്.

കൊവിഡ് രോഗികൾക്ക് നിർദേശിച്ചിട്ടുള്ള ഐസൊലേഷൻ കാലം കുറച്ചതും പ്രധാന നിർദേശങ്ങളിലൊന്നാണ്. കോവിഡ് രോഗികൾ ആന്റിജെൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയിക്കഴിഞ്ഞാൽ ഐസൊലേഷൻ അവസാനിപ്പിക്കാം എന്നതാണത്. ലക്ഷണങ്ങൾ ഉള്ള രോഗികൾ ടെസ്റ്റ് ചെയ്യാതെ തന്നെ, ലക്ഷണം ആരംഭിച്ച ആദ്യദിവസം തൊട്ട് പത്തുദിവസത്തോളം ഐസൊലേഷനിൽ ഇരിക്കണമെന്നതാണ് പുതിയ നിർദേശം. നേരത്തെ ലക്ഷണങ്ങൾ ആരംഭിച്ച് പത്തുദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആകാമെന്നും ലക്ഷണങ്ങൾ ഭേദമായി മൂന്നുദിവസം കൂടി ഐസൊലേഷനിൽ ഇരിക്കണം എന്നുമായിരുന്നു നിർദേശമുണ്ടായിരുന്നത്.

കോവിഡ് പോസിറ്റീവാകുകയും എന്നാൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നവർ അഞ്ചു ദിവസം ഐസൊലേഷനിൽ ഇരിക്കണമെന്നതാണ് നിർദേശം. നേരത്തേ ഇത് പത്തു ദിവസം ആയിരുന്നു. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ കോവിഡ് രോഗികളെ ഐസൊലേഷനിൽ ആക്കുക എന്നത് പ്രധാനമാണെന്നും വീട്ടിലോ അല്ലെങ്കിൽ ആശുപത്രിയിലോ ഇത് തുടരാമെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക