യാത്രക്കാരുടെ ലഗേജിൽ നിന്നു വിലപിടിപ്പുള്ള വസ്തുക്കൾ നഷ്​ടമായതായി പരാതി

0
2029

ജിദ്ദ: സ്​പൈസ്​ ജറ്റ്​ വിമാനത്തിൽ​ എത്തിയ യാത്രക്കാരുടെ
ലഗേജിൽ നിന്നു വിലപിടിപ്പുള്ള വസ്തുക്കൾ നഷ്​ടമായെന്ന്​ പരാതി.

മലപ്പുറം ആതവനാട് സ്വദേശി കൊല്ലത്താഴ്‌വളപ്പിൽ റിസ്‌വാനയും കൈക്കുഞ്ഞുമായിരുന്നു യാത്രക്കാർ. ഈ മാസം 15ന് പുലർച്ചെ 4.40ന് കോഴിക്കോട് നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് എസ്​.ജി 35 നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.

രാവിലെ 8.40ന് ജിദ്ദയിൽ വിമാനം ലാൻഡ് ചെയ്തു. രണ്ട് ട്രോളി ബാഗുകളും ഒരു കാർട്ടൻ ബോക്സുമായിരുന്നു ലഗേജ്​. നമ്പർ ലോക്ക് ചെയ്ത് അയച്ച ഇരു ബാഗുകളുടെയും ലോക്ക് പൊട്ടിച്ച നിലയിലാണ് കണ്ടത്.

ജിദ്ദ വിമാനത്താവളത്തിൽ വെച്ച്​ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ല. താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇത്​ കണ്ടെത്തിയത്. ഉടൻ ബാഗുകൾ തുറന്നു പരിശോധിച്ചപ്പോൾ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.

ഒരു ബാഗിനകത്തുണ്ടായിരുന്ന സ്വർണ മോതിരവും മറ്റേ ബാഗിനകത്ത് നിന്നും ആപ്പിൾ സ്മാർട്ട് വാച്ചും നഷ്​ടമായി.
സ്വർണ മോതിരത്തോടൊപ്പം വെള്ളി മോതിരങ്ങളും മറ്റു വസ്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രമാണ് നഷ്​ടപ്പെട്ടത്. സംഭവത്തിൽ റിസ്‌വാനയുടെ ഭർത്താവും ജിദ്ദ പ്രവാസിയുമായ വെട്ടിക്കാട്ട്മടത്തിൽ അനസ് സ്‌പൈസ് ജെറ്റ് വിമാനകമ്പനിക്ക്​ പരാതി നൽകിയിട്ടുണ്ട്.