പകുതി വിലയ്ക്ക് കെഎഫ്സി കിട്ടുമെന്ന് പരസ്യം; പോയത് ഇരുപത് ഇരട്ടി, പണം നഷ്ടമായി മലയാളികളും

0
2799

അബുദാബി: പകുതി വിലയ്ക്ക് കെഎഫ്സി കിട്ടുമെന്ന് ടിക് ടോക്കിൽ പരസ്യം കണ്ട നമ്പറിലേക്കു വിളിച്ച് ഓർഡർ ചെയ്ത മലയാളിക്കു നഷ്ടപ്പെട്ടത് ഇരുപത് ഇരട്ടി തുക. തക്ക സമയത്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തതിനാൽ നഷ്ടം ഇതിൽ ഒതുങ്ങി. മറ്റൊരു മലയാളി വനിതയ്ക്കു നഷ്ടപ്പെട്ടത് 5000 ദിർഹം. തട്ടിപ്പാണെന്നു തിരിച്ചറിയാത്ത ഒട്ടേറെ പേരുടെ അക്കൗണ്ട് നിമിഷനേരംകൊണ്ട് കാലിയായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാങ്ക് സ്റ്റേറ്റ്മെന്റ് വരുമ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം മറ്റു ചിലർ അറിയുന്നത്. സംശയം തോന്നാത്തവിധം കെഎഫ്സിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് നടത്തിവരുന്ന പുതിയ തട്ടിപ്പിൽ നൂറുകണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടു. ബുക്കിങ് രീതികളെല്ലാം സമാനമായതിനാൽ ഓൺലൈനിൽ പണം അടച്ചുകഴിയുംവരെ സംശയം ഉണ്ടാകാനിടയില്ല. കമ്പനി പേരും വിഭവങ്ങളുടെ ചിത്രത്തിനു നേരെ യഥാർഥ വിലയും 50% ഇളവ് കഴിച്ചു നൽകേണ്ട വിലയും അടക്കം അസ്സലിനെ വെല്ലുംവിധമാണ് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്.

50% ഇളവെന്ന പരസ്യം കണ്ടതോടെ കൊല്ലം നിലമേൽ സ്വദേശി ഫിറോസ് ഖാൻ വെബ്സൈറ്റിൽ കയറി 30 ദിർഹത്തിന് കെഎഫ്സി ബുക്ക് ചെയ്തു. ക്രെഡിറ്റ് കാർഡ് വഴി പണം അടച്ചു. ഫോണിൽനിന്ന് ഓട്ടമാറ്റിക് ആയി ഒടിപി ഡിറ്റക്ട് ചെയ്ത സംഘം പണം പിൻവലിച്ച ആദ്യ സന്ദേശം കിട്ടി. നിമിഷങ്ങൾക്കകം 2 മെസേജുകൾ കൂടി വന്നതു പരിശോധിച്ചപ്പോൾ ഫിറോസ് ഞെട്ടി. 30 ദിർഹത്തിനു പകരം 3 തവണകളായി (230.54, 229.99, 119.40) മൊത്തം 579.93 ദിർഹം ഈടാക്കിയിരിക്കുന്നു.! തട്ടിപ്പ് തിരിച്ചറിഞ്ഞ ഫിറോസ് ഖാൻ ഉടൻ ബാങ്കിന്റെ ആപ്പ് വഴി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്തതിനാൽ നഷ്ടം ഇതിൽ ഒതുങ്ങി.

ആപ്പിൾ പേയിൽ സ്ഥിരമായി ഉപയോഗിക്കാനുള്ള ഒടിപിയായിരുന്നു തട്ടിപ്പുകാർ ഉണ്ടാക്കിയത്. അസ്സൽ സൈറ്റുകളും വ്യാജനും തിരിച്ചറിയാനാകാത്തതാണ് വിനയാകുന്നത്. അക്കൗണ്ട് കാലിയായവർ മാനക്കേടോർത്ത് പുറത്തു പറയാൻ മടിക്കുന്നു. കുറിയറിൽ അയച്ച സാധനം വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടെത്തിയ സന്ദേശങ്ങളോട് പ്രതികരിച്ചവർക്കും പണം നഷ്ടപ്പെട്ടു. വ്യാജ ഫോൺ, എസ്.എം.എസ്, ഇമെയിൽ സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കരുതെന്നും സുരക്ഷിത വെബ്സൈറ്റിലൂടെ മാത്രമേ ഓൺലൈൻ ഇടപാട് നടത്താവൂ എന്നും യുഎഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി.

ആഭ്യന്തര മന്ത്രാലയവും വിവിധ എമിറേറ്റിലെ പൊലീസും നിരന്തരം ബോധവൽക്കരണം നടത്തിയിട്ടും തട്ടിപ്പിന് ഇരയാകുന്നവർ അനുദിനം പെരുകുകയാണ്. പുതിയ രൂപത്തിലെത്തുന്ന തട്ടിപ്പു തിരിച്ചറിയാൻ സദാ ജാഗരൂകരാകണമെന്നും അതോറിറ്റി ഓർമിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക