ജോർദാൻ കിരീടാവകാശിയുടെയും റജ്‍വ ഖാലിദ് അൽ സെയ്ഫിന്റെയും വിവാഹം ജൂണിൽ

0
3039

ജിദ്ദ: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെയും റജ്‍വ ഖാലിദ് അൽ സെയ്ഫിന്റെയും വിവാഹം ജൂൺ ഒന്നിന് നടക്കുമെന്ന് റോയൽ ഹാഷിമൈറ്റ് കോടതി അറിയിച്ചു.

ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമനും സഊദി പൗരയായ റജ്‍വ അൽ-സെയ്ഫിന്റെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിൽ നടന്നിരുന്നു.

ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെയും റാനിയ രാജ്ഞിയുടെയും വധുവിന്റെ കുടുംബത്തിന്റെയും സാന്നിധ്യത്തിൽ റിയാദിലാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.

28 കാരനായ ഹുസൈൻ രാജകുമാരൻ ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയായ സാൻഡ്‌ഹർസ്റ്റിൽ നിന്ന് ബിരുദധാരിയാണ്. യുഎസിലെ ജോർജ്ജ്ടൗൺ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ചരിത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.

ജോർദാൻ സായുധ സേനയിൽ ക്യാപ്റ്റൻ പദവി വഹിക്കുന്ന അദ്ദേഹത്തിന് സൈനിക ഹെലികോപ്റ്റർ പറത്താൻ കഴിയും. 2009ലാണ് രാജകീയ ഉത്തരവിലൂടെ ഹുസൈൻ രാജകുമാരനെ കിരീടാവകാശിയായി തിരഞ്ഞെടുത്തത്.

1994 ഏപ്രിൽ 28 ന് സഊദി വ്യവസായി ഖാലിദ് ബിൻ മുസൈദ് അൽ സെയ്ഫിന്റെയും അസ്സ ബിൻത് നായിഫ് അൽ സുദൈരിയുടെയും മകളായി റിയാദിലാണ് റജ്‍വ അൽ സെയ്ഫ് ജനിച്ചത്.

റജ്‍വ തന്റെ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം സൗദി അറേബ്യയിലും ഉന്നത വിദ്യാഭ്യാസം ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിലുമാണ് നേടിയത്.