കൊറോണ വൈറസിന്റെ പുതിയ വകഭേദം: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന തുടങ്ങി

0
1512

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തിയത്തോടെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന തുടങ്ങി. ഇന്ന് രാവിലെ മുതൽ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ വിദേശത്തുനിന്ന് എത്തിയ യാത്രക്കാരിൽ 2 ശതമാനം പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കി തുടങ്ങിയത്. 

   റാൻഡം പരിശോധനയ്ക്ക് ശേഷം, ആർക്കെങ്കിലും കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, സാമ്പിൾ നിയുക്ത ലബോറട്ടറി ശൃംഖലയിൽ ജീനോമിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. റാൻഡം പരിശോധനയ്ക്കായി സാമ്പിളുകൾ സമർപ്പിച്ച ശേഷം, യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തുവിടും.

എയർപോർട്ട് ഓപ്പറേറ്റർമാരുമായും എയർ പോർട്ട് ഹെൽത്ത് ഓഫീസുകളുമായും (എ.പി.എച്ച്.ഒ.എസ്) ഏകോപിപ്പിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വിദഗ്ധരാണ് പരിശോധനകൾ നടത്തുന്നത്. അതേസമയം, കോവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്.

വിമാനസർവ്വീസുകൾ ഇപ്പോൾ നിയന്ത്രിക്കേണ്ട കാര്യമില്ലെങ്കിലും ചില രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാർക്കും പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കാനും ആലോചനയുണ്ട്. കേന്ദ്ര ആഭ്യന്തര-വ്യോമ മന്ത്രാലയങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. അടുത്തയാഴ്ചയോടെ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.