ന്യൂഡൽഹി: ഇന്ത്യയിൽ സഊദി അറേബ്യയുടെ ലേബർ അറ്റാഷെ പ്രവർത്തനമാരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സഊദ് അൽ-മൻസൂർ ആണ് ന്യൂഡൽഹിയിലെ സഊദി എംബസിയിൽ തൊഴിൽ അറ്റാഷെയായി ചുമതലയേറ്റത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശത്ത് സഊദി ആരംഭിക്കുന്ന നാലാമത്തെ ലേബർ അറ്റാഷെയാണ് ഇന്ത്യയിലേത്. തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനും സഊദിയിലേക്ക് ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലാളികളെ സഊദിയിലെ ചട്ടങ്ങളെക്കുറിച്ചും തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും ബോധവത്കരിക്കാനും ഇതിലൂടെ സാധിക്കും. മനിലയിലേക്കാണ് സഊദി ആദ്യ തൊഴിൽ അറ്റാഷെയെ നിയമിച്ചിരുന്നത്.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കുക, സഊദിയിലേക്ക് ജോലിക്കായി തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കുക, തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുക എന്നിവയാണ് അറ്റാഷെയുടെ ചുമതലകൾ.
പൗരന്മാർക്ക് തൊഴിൽ റിക്രൂട്ട്‌മെന്റ് സുഗമമാക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി, ഇന്ത്യയിൽ അറ്റാച്ച് സ്ഥാപിക്കാൻ മന്ത്രിമാരുടെ കൗൺസിൽ നേരത്തെ എടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




