സ്വന്തമായി വാഹനമോ ലൈസൻസോ ഇല്ലാത്ത പ്രവാസിക്ക് 505 ട്രാഫിക് ഫൈൻ; 1.7 ലക്ഷം റിയാൽ പിഴ

0
6921

റിയാദ്: സഊദിയിൽ ഇന്ത്യൻ പ്രവാസി സ്വന്തം പേരിൽ എങ്ങനെയോ കയറിൽകൂടിയ ട്രാഫിക് ഫൈനിന്റെ പേരിൽ ദുരിതക്കടലിൽ. തമിഴ്നാട് സ്വദേശിയാണ് നാട്ടിലേക്ക് പോലും പോകാൻ ആകാതെ റിയാദിൽ ദുരിതക്കടലിൽ കഴിയുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വന്തമായി വാഹനമോ ലൈസൻസോ പോലും ഇല്ലാത്ത ഇദ്ദേഹത്തിന്റെ പേരിൽ ട്രാഫിക് ഫൈൻ അതും ഇത്രയധികം രജിസ്റ്റർ ചെയ്തത് എങ്ങനെയാണെന്ന് അറിയാതെ മൂക്കത്ത് വിരൽ വെച്ച് ആലോചിക്കുകയാണ് പ്രവാസികൾ. സ്വന്തമായി വാഹനമോ, ലൈസൻസോ ഇല്ലെന്ന് മാത്രമല്ല വാഹനമോടിക്കാൻ പോലുമറിയാത്ത ഇദ്ദേഹത്തിന്റെ പേരിൽ 505 ട്രാഫിക് ഫൈനുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇത് എങ്ങനെ സംഭവിച്ചെന്നത് വ്യക്തമല്ല. 505 ട്രാഫിക് പെനാൽറ്റികളിലായി 169,000 റിയാൽ അഥവാ ഏകദേശം 37,18,000 രൂപ പിഴയാണ് അടക്കാനുള്ളത്. പത്ത് വർഷമായിട്ട് ഇത് വരെ ഇദ്ദേഹം നാട്ടിലെ പോയിട്ടുമില്ല. മൂന്ന് വർഷം മുമ്പ് നാട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും ട്രാഫിക് പിഴ ഉള്ളത് കാരണം നാട്ടിൽ പോകാൻ കഴിഞ്ഞില്ല. താനറിയാത്ത ഈ വൻ കെണിയിൽ നിന്ന് എങ്ങനെയെങ്കിലും ഊരാനുള്ള നിയമ നടപടികൾ നടന്നു വരികയാണ്.

റിയാദിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നുണ്ട്. നിരപരാധിത്വം തെളിയിച്ച് പിഴകൾ ഒഴിവാക്കി ദുരിതക്കയത്തിൽ നിന്ന് മോചനം നേടി നാട്ടിലെക്ക് പോകാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇദ്ദേഹം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക