കുവൈത്ത് സിറ്റി: സിറിയക്കാരായ 2 സഹപ്രവർത്തകരെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഈജിപ്തുകാരന് ജീവപര്യന്തം തടവ്. പ്രതി കുത്തിപ്പരുക്കേൽപിച്ച 3 പേരിൽ 2 പേർ മരിച്ചിരുന്നു.
ഏപ്രിലിൽ അഹമ്മദി ഗവർണറേറ്റിലെ റസ്റ്ററന്റിൽ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
പരുക്കുകളോടെ രക്ഷപ്പെട്ട മൂന്നാമത്തെയാൾ ചികിത്സയിലാണ്. ഇരകൾ തന്നെ പതിവായി അപമാനിക്കാറുണ്ടെന്നും കൊലയല്ല, പ്രതിരോധമായിരുന്നു ലക്ഷ്യമെന്നും പ്രതി കോടതിയെ ബോധിപ്പിച്ചു.
ഇതോടെ ആസൂത്രിത കൊലക്കുറ്റം ഒഴിവാക്കിയ കോടതി ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാൻ ഇരുവിഭാഗത്തിനും അവകാശമുണ്ട്.”




