സഊദി വിജയത്തില്‍ സുജൂദ് ചെയ്ത് കിരീടാവകാശി, സഊദി പതാക തോളിലണിഞ്ഞ് ഖത്തർ അമീർ: ആവേശം അണ പൊട്ടിയപ്പോൾ……..

0
7581

ദോഹ: ലോകകപ്പിൽ ഇന്ന് നടന്ന സഊദി- അർജന്റിന മത്സരത്തിനിടെ സഊദി അറേബ്യ വിജയിച്ചതോടെ സഊദിയുടെ പതാക തോളിലിട്ട് അവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തർ അമീറായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ ഇടപെടൽ വൈറലായി. ഖത്തർ അമീർ സഊദി പതാക തോളിലിടുകയും കാണികളെ അഭിവാദ്യംചെയ്യുകയും ചെയ്യുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മത്സരം കാണാനെത്തിയ ഖത്തർ അമീറിന് ഒരു ആരാധകനാണ് സഊദി പതാക കൈമറിയത്. സന്തോഷത്തോടെ പതാക സ്വീകരിച്ച അമീർ അത് കഴുത്തിലണിയുകയായിരുന്നു. ഖത്തർ അമീറിന്റെ പിന്തുണയെ സ്റ്റേഡിയത്തിലെ സഊദി ആരാധകർ കരഘോഷത്തോടെയാണ് എതിരേറ്റത്. ലോകകപ്പില്‍ സഊദി-അര്‍ജന്റീന മത്സരത്തിന്റെ ആദ്യാവസാനം ടെലിവിഷന്‍ സ്‌ക്രീനിനു മുന്നില്‍ നിലയുറപ്പിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അഭിമാനനേട്ടം കൈവരിച്ചതോടെ കാരുണ്യവനായ നാഥന് നന്ദിയര്‍പ്പിച്ചുകൊണ്ട് സുജൂദില്‍ വീണു.

മത്സരം പൂര്‍ത്തിയായതോടെ കിരീടാവകാശി അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിച്ച് സുജൂദ് നിര്‍വഹിക്കുകയും കൂടെ കളി കാണുകയായിരുന്ന സഹോദരന്മാരെ ആശ്ലേഷിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലും അത്ഭുതങ്ങളിലും ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സഊദി ടീമിന്റെ മിന്നും വിജയം ഫുട്‌ബോള്‍ പ്രേമികളെ ആഘോഷത്തിമര്‍പ്പിലാക്കി.

36 മത്സരങ്ങളിലെ അപരാജിത റെക്കോർഡുമായി ലോകകപ്പിൽ ആദ്യ മത്സരത്തിൽ പന്തു തട്ടാനിറങ്ങിയ അർജന്റീനയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് സഊദി അട്ടിമറിച്ചത്. ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിലായിട്ടും ശക്തമായി തിരിച്ചുവന്ന സൗദി രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് ഗോളടിച്ചാണ് ജയിച്ചു കയറിയത്.

ഇത്തവണ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട മൽസരം കൂടിയായിരുന്നു ഇത്. അന്താരാഷ്ട്ര വിഷയങ്ങളിലെ ഖത്തറിന്റെ നയങ്ങളുടെ പേരിലും അൽ ജസീറ ചാനൽ, മുസ്‌ലിം ബ്രദർഹുഡ് എന്നിവയെ പിന്തുണയ്ക്കുന്ന സമീപനങ്ങളിലും യെമൻ, സിറിയ സംഘർഷങ്ങളിലെ നിലപാടുകളെ ചൊല്ലിയും ഖത്തറുമായി സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നേരത്തേ ഇടയുകയും പിന്നീട് മഞ്ഞുരുക്കമുണ്ടാവുകയും ചെയ്‌തെങ്കിലും നയതന്ത്ര ബന്ധത്തിലെ ഊഷ്മളത പൂർവസ്ഥിതിയിലായിട്ടില്ല. ഖത്തർ ലോകകപ്പിന് എല്ലാ പിന്തുണയും നൽകുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ ഐതിഹാസിക വിജയം നേടിയ വിജയികളായ ടീം അംഗങ്ങൾക്ക് സമ്മാനങ്ങളും മറ്റുമായി പലരും മുന്നോട്ട് വന്നിട്ടുണ്ട്. പ്രമുഖ സഊദി വ്യവസായി അബ്ദുല്ല അല്‍ഉഥൈം ടീമിന് ഒരു കോടി റിയാലും പ്രഖ്യാപിച്ചു. ആഹ്ലാദതിന്റെ ഭാഗമായി ബുധനാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക