ജിദ്ദ: വ്യവസ്ഥിതിയിലുള്ള മാറ്റത്തിന് ഒരു സമൂഹത്തെ പൂർണ്ണമായും ഉദ്ബുദ്ധമാക്കാനോ പരിഷ്‌കരിക്കാനോ കഴിയില്ല, മറിച്ച് ഒരോ വ്യക്തികളുടേയും മന:സ്ഥിതി മാറുന്നതിലൂടെയാണ് സമ്പൂർണ്ണ പരിവർത്തനം സാധ്യമാകുന്നത് എന്ന് പ്രശസ്ത മനശാസ്ത്ര കൗൺസിലറും വാഗ്മിയുമായ ഡോ. അലി അക്ബർ ഇരിവേറ്റി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ നടക്കുന്ന വാരാന്ത്യ ക്ലാസ്സിൽ ‘മാറ്റത്തിന്റെ മനഃശാസ്ത്രം ആധുനികതയിലും ഇസ്‌ലാമിലും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്കാരികമായി തികഞ്ഞ അന്ധകാരത്തിൽ ജീവിച്ചിരുന്ന അറേബ്യൻ ജനതയെ ലോകത്തിന് മാതൃകയാക്കാൻ ഉതകുന്ന ഒരു സമൂഹമായി പരിവർത്തിപ്പിക്കാൻ പ്രവാചകൻ മുഹമ്മദ് നബി(സ) ദൈവീക സഹായത്തോടെ നടത്തിയ ഇടപെടലുകളെ മനഃശാസ്ത്രത്തിന്റെ മാനങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു.
വ്യക്തിത്വത്തെ വ്യക്തിയുടെ ശീലങ്ങൾ സ്വാധീനിക്കും. കർമതലത്തിൽ, ചിന്താ തലത്തിൽ,സംഭാഷണതലത്തിൽ എല്ലാം ശീലങ്ങൾ സ്വാധീനിക്കുന്നു. നല്ല ശീലങ്ങൾ സ്വായത്തമാക്കുന്നതിന് വേണ്ടി വ്യത്യസ്തങ്ങളായ വ്യക്തിത്വ വികസന കോഴ്സുകളുമുണ്ട്. എന്നാൽ വ്യക്തിത്വ വികസനത്തിന് വേണ്ടി മാത്രം ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വ്യത്യസ്തങ്ങളായ സെമിനാറുകളും കോഴ്സുകളും ഒക്കെ ഊന്നൽ നൽകുന്നത് പ്രകടനപരതയിലാണ്. മനസ്സിന്റെ മാറ്റം സംഭവിക്കാതെ പ്രകടനപരതയിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഫലവത്തായ വ്യക്തിത്വ വികസനം അസാധ്യമാണെന്ന് എന്നദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ അച്ചടക്കം, സഹാനുഭൂതി, കൃത്യനിഷ്ഠ, സാമൂഹിക ബോധവും സാമൂഹ്യ പ്രതിബദ്ധതയും, ആത്മധൈര്യം ഇവയൊക്ക അസാമാന്യ വ്യക്തിത്വമുള്ളവരുടെ ഗുണങ്ങളാണ്. അന്യന്റെ വ്യക്തിത്വം അംഗീകരിക്കാനും സ്നേഹിക്കുവാനുമുള്ള സുന്ദരമായ മനസുവേണം. ഇവിടെയാണ് ഇസ്‌ലാമിക മനഃ ശാസ്ത്രം പ്രസക്തമാകുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.
ഒരു വ്യക്തിയിൽ നിന്നും പോസിറ്റീവ് സ്ട്രോക്കുകൾ നിർഗളിക്കപ്പെടുമ്പോൾ ചുറ്റുപാടുകളിൽ പ്രസന്നതയും സന്തോഷവും നിറഞ്ഞ് നിൽക്കും എന്നത് മനഃശാസ്ത്ര പഠനമാണ്. അത്തരം കാര്യങ്ങളിൽ പെട്ടതാണ് വ്യക്തികൾ പരസ്പരം പുഞ്ചിരിക്കുന്നതും ഹസ്തദാനം ചെയ്യലും. പുഞ്ചിരിക്കുമ്പോഴും പരസ്പരം സ്പർശിക്കുമ്പോഴും സന്തോഷത്തിന്റെ നൂറുക്കണക്കിന് എൻഡോർഫിൻ ഹോർമോണുകളാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. പുഞ്ചിരിക്കുന്നത് നന്മയാണെന്നും പരസ്പരം സലാം പറഞ്ഞ് കൊണ്ട് ഹസ്തദാനം ചെയ്യുന്നത് പുണ്യകരമാണെന്നും പഠിപ്പിച്ച മന: ശാസ്ത്രജ്ഞനെയാണ് പ്രവാചകനിൽ ദർശിക്കാൻ സാധിക്കുന്നത്. പ്രവാചകന്റെ ആളുകളോടുള്ള ഇടപെടലുകളും പെരുമാറ്റവും സമീപനവും വളരെ കൃത്യമായി പരിശോധിക്കുമ്പോൾ അദ്ദേഹം മനഷ്യ മനസ്സിനോടായിരുന്നു സംവധിച്ചിരുന്നത് എന്ന് ബോധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി എടക്കര സ്വാഗതവും അബ്ബാസ് ചെമ്പൻ നന്ദിയും പറഞ്ഞു.”സ്നേഹത്തിൻറെ ഭാഷ: പ്രവാചകൻ പറഞ്ഞതും, മനശാസ്ത്രം പറയുന്നതും” എന്ന വിഷയത്തെ അധികരിച്ച് ഡോ. അലി അക്ബർ ഇരിവേറ്റിയുടെ ഒരു പ്രഭാഷണം ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 18 വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുമെന്ന് ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.




