മലപ്പുറം: മുസ്‌ലിം നാമധാരികളായതിന്റെ പേരില്‍ വിമാനത്താവളങ്ങളിലും മറ്റും പ്രമുഖരുള്‍പെടെ നേരിടുന്ന അനുഭവങ്ങള്‍ നാം നിരന്തരം വായിക്കാറുണ്ടല്ലോ. ഇവിടെ എയര്‍പോര്‍ട്ടില്‍ തനിക്കുണ്ടായ അനുഭവം പ്രതിഷേധത്തോടെ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഗായകന്‍ സലീം കോടത്തൂര്‍.
മലപ്പുറം ജില്ലക്കാരനാവുകയും സലീം എന്ന പേരിന്റെ ഉടമ ആവുകയും ചെയ്തതിന്റെ പേരില്‍ പ്രത്യേക പരിശോധനയാണ് എയര്‍പോര്‍ട്ടില്‍ തനിക്കുണ്ടായതെന്ന് അദ്ദേഹം പറയുന്നു. സാധാരണ പൗരന്റെ പരിഗണന ലഭിക്കാന്‍ പേരും ജില്ലയും മാറ്റണോ എന്നും അദ്ദേഹം ചോദിക്കുന്നു.
‘മലപ്പുറം ജില്ലയും സലീം എന്നപേരും ..എയര്‍പോര്‍ട്ടിലുള്ള ചിലര്‍ക്ക് പിടിക്കുന്നില്ല ..പാസ്‌പോര്‍ട്ടിലെ പേരു നോക്കി പ്രത്യക സ്‌കാനിങ് ..അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപിതി വരുന്നുള്ളു ..ഞാന്‍ ജില്ല മാറ്റണോ പേരു മാറ്റണോ എന്ന സംശയത്തിലാണ്’- സലീം കോടത്തൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് ലൈവില്‍ വന്ന് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
രണ്ടു മൂന്നു തവണ തനിക്ക് ഈ അനുഭവമായി. ഇന്നലെ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധിച്ചു. മണിക്കൂറുകളോളം കള്ളനെ പോലെ മറ്റുള്ളവരുടെ മുന്‍പില്‍ നില്‍ക്കേണ്ടി വരിക. ഇത് അനുഭവിച്ചവര്‍ക്കു മാത്രമേ മനസ്സിലാവൂ. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ ഡ്യൂട്ടി ചെയ്യുകയാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. സലീം പറയുന്നു. മലപ്പുറം ജില്ലക്കാരന്‍ കൊച്ചി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നതെന്തിനാണെന്നായിരുന്നു ചോദ്യം. പോസ്റ്റില്‍ കാര്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ലൈവില്‍ വന്ന് കാര്യങ്ങള്‍ പറയുകയാണെന്നും സലീം വിശദീകരിക്കുന്നു.
എയർപോർട്ടിൽ നേരിട്ട അനുഭവം
Posted by Saleem Kodathoor on Thursday, November 3, 2022




