റിയാദ്: റിയാദ് സീസൺ 2022-ന്റെ വിവിധ പരിപാടികളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്. റിയാദ് സീസൺ ആരംഭിച്ച ആദ്യ ആഴ്ചയിൽ തന്നെ ഒരു ദശലക്ഷത്തിൽ എത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ-ഷൈഖ് വെളിപ്പെടുത്തി.
“ബിയോണ്ട് ഇമാജിനേഷൻ” എന്ന ലേബലിൽ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച സീസണിന്റെ മൂന്നാം പതിപ്പിലെ പ്രവർത്തനങ്ങൾ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി സന്ദർശകരെയാണ് ആകർഷിക്കുന്നത്.
സീസണിലെ മിന്നുന്ന പ്രദർശനങ്ങളും പ്രകടനങ്ങളും ആവേശകരമായ വൈവിധ്യമാർന്ന വിനോദ പരിപാടികളും സന്ദർശകരുടെ ഹൃദയം കവരുന്നവയാണ്. ഒരേ സ്ഥലത്തും സമയത്തും നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടി ആസ്വദിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. സീസണിലെ വിനോദ മേഖലകളിൽ ഗെയിമുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പാർട്ടികൾ, നാടകങ്ങൾ, വിനോദത്തിന്റെ വിവിധ മേഖലകളിലെ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങൾ എന്നിവയാണ് അരങ്ങേറുന്നത്.
സസ്പെൻസിന്റെയും ആധുനികതയുടെയും സവിശേഷമായ മിശ്രിതം പ്രദാനം ചെയ്യുന്നതാണ് റിയാദ് സീസണിന്റെ സവിശേഷത, ഇത് വിനോദ മേഖലയുടെ വ്യവസായത്തിന്റെ നിലവാരം ഉയർത്തുന്നതിനും ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായി രാജ്യത്തിന്റെ സ്ഥാനം വർദ്ധിപ്പിക്കുന്നതിനും സംഭാവന നൽകുന്നു.




