ജിദ്ദ: ‘കെ എം സി സി യിൽ അംഗമാവുക പ്രവാസത്തിൻ്റെ നന്മയാവുക’ എന്ന പ്രമേയം മുൻ നിർത്തി ജിദ്ദയിൽ കെ.എം.സി.സി. നടത്തിക്കൊണ്ടിരിക്കുന്ന സംഘടന അംഗത്വ കാം പയിനിന്റെ അവസാന ഘട്ടമായ ഏരിയ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് രാത്രി അൽ റിഹാബ് ഏരിയ സമ്മേളനവും നാളെ റുവൈസ് ഏരിയ സമ്മേളനവും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ മറ്റു ഏരിയകളുടെ സമ്മേളനങ്ങളും നടക്കും.
കിംഗ് ഫൈസൽ ഹോസ്പിറ്റലിലെ ഡോ. ബിൻയാമിന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം. എ. സലാം
അംഗത്വം നൽകിക്കൊണ്ടാണ് ജിദ്ദയിൽ കെ.എം.സി.സി മെമ്പർഷിപ്പ് കാം പയിൻ ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം സാമൂഹിക സാംസ്കാരിക കലാ സേവന മേഖലയിലെ നിരവധി പ്രമുഖരും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച ഒട്ടേറെ പേരും പുതുതായി കെ.എം.സി.സി യിൽ ചേർന്നു.
കാംപയിനിന്റെ ഭാഗമായി കലാ കായിക സാംസ്കാരിക പരിപാടികൾ കോർത്തിണക്കി സംഘടിപ്പിച്ച മെഗാ ഫാമിലി മീറ്റ് പ്രവാസി ജിദ്ദ കണ്ട ഏറ്റവും വലിയ മഹാമേളയായി മാറിയിരുന്നു. നാട്ടിലെ പ്രമുഖരും ജിദ്ദയിലെ വിവിധ മേഖലയിലയിലുള്ളവരും പങ്കെടുത്ത സൗഹൃദ സദസ്സും ,സി.എച്ച് പുസ്തക പ്രകാശനം തുടങ്ങി വിവിധ പരിപാടികൾ കാം പയിനിന്റെ ഭാഗമായി നടന്നു.
ഏരിയ സമ്മേളനത്തിൽ വെച്ച് പുതിയ കൗൺസിൽ ചേർന്ന് പുതിയ ഏരിയ കമ്മിറ്റികളെ തെരഞ്ഞെടുക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മേൽ നോട്ടം വഹിക്കാൻ ഓരോ ഏരിയക്കും ഒരു റിട്ടേണിംഗ് ഓഫീസറും രണ്ട് നിരീക്ഷകൻമാരുമുണ്ടാവും. ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും സഊദി നാഷണൽ കമ്മിറ്റി അംഗങ്ങളും അടങ്ങുന്നതാണ് റിട്ടേണിംഗ് ഓഫീസർമാർ, ജിദ്ദയിലെ വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളിൽ നിന്ന് തെരഞ്ഞെടുക്കപെട്ടവരായിരിക്കും നിരീക്ഷകൻമാർ. റിട്ടേണിംഗ് ഓഫീസർമാരുടെയും നിരീക്ഷകൻമാരുടെയും
ലിസ്റ്റിന് കഴിഞ്ഞ ദിവസം ചേർന്ന സെൻട്രൽ കമ്മിറ്റി യോഗം അംഗീകാരം നൽകി.
പ്രവാസ ലോകത്തെ ഏറ്റവും വലിയ കെ.എം.സി.സി ഘടകമായ ജിദ്ദ കെ.എം.സി.സിക്ക് കഴിഞ്ഞ തവണ 72 ഏരിയ കമ്മിറ്റികളിലായി ഇരുപത്തയ്യായിരം അംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ജിദ്ദയിലെ നഗര നവീകരണത്തിൻ്റെ ഭാഗമായി മുപ്പതോളം എരിയകൾ പൂർണ്ണമായോ ഭാഗികമായോ പൊളിച്ച് പോയതിനാൽ നിലവിലുള്ളതും പുതുതായി അംഗീകാരം നൽകിയതുമായ 60 ഏരിയകൾ കേന്ദ്രീകരിച്ചാണ് കാം പയിൻ നടന്നത്.
ഏരിയ കമ്മിറ്റി രൂപീകരണം പൂർത്തിയായാൽ പുതിയ ജിദ്ദ സെൻട്രൽ കമ്മിറ്റിയും പുതിയ സഊദി നാഷണൽ കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെടും.
അതിന് ശേഷം ജിദ്ദയിലെ കെ.എം.സി.സി പഞ്ചായത്ത് – മണ്ഡലം – ജില്ല കമ്മിറ്റികളും ഇതേ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുന:സംഘടിപ്പിക്കുന്നതാണ്.
കോവിഡ് കാലത്ത് കർശനമായ കർഫ്യൂ നില നിന്ന കാരണത്താൽ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ് കിടക്കുകയും ഒരാൾക്കും പുറത്തിറങ്ങാൻ സാധിക്കാത്ത പ്രതിസന്ധി നാളുകളിൽ ജിദ്ദയിലെ പതിനായിരക്കണക്കിന് പ്രവാസികൾക്ക് മാസങ്ങൾ നീണ്ട ഭക്ഷണ വിതരണവും മരുന്ന് വിതരണവും നടത്തിയും കോവിഡ് ബാധിച്ച് മരണപ്പെട്ട നൂറുക്കണക്കിന് ആളുകളുടെ മയ്യിത്ത് പരിപാലനത്തിന് പോലും നേതൃത്വം കൊടുത്ത ജിദ്ദ കെ.എം.സി.സി. അംഗത്വ കാംപയിനോടെ കൂടുതൽ ശക്തമായി മുന്നോട്ട് പോവുമെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും അറിയിച്ചു.




