റിയാദ് അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു; 32 രാജ്യങ്ങളിൽ നിന്നുള്ള 1200 പ്രസാധക സ്ഥാപനങ്ങൾ പങ്കാളികളായി

0
643

റിയാദ്: പത്തു ദിവസം നീണ്ടുനിന്ന
റിയാദ് അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സാഹിത്യം, പ്രസിദ്ധീകരണ, വിവർത്തന കമ്മീഷൻ സംഘടിപ്പിച്ച പുസ്തക മേളയിൽ ടുണീഷ്യ വിശിഷ്ടാതിഥിയായിരുന്നു.

32 രാജ്യങ്ങളിൽ നിന്നുള്ള 1200 പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ  പുസ്തകങ്ങളുടെയും സംസ്കാരത്തിന്റെയും പത്ത് ദിവസത്തെ ഉത്സവം സന്ദർശകരുടെയും പുസ്തക പ്രേമികളുടെയും സാന്നിധ്യം കൊണ്ട്  ശ്രദ്ദേയമായി.

യു കെ , ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി  പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പുസ്തകമേളയിൽ പങ്കെടുത്തു.

മേളയിൽ തങ്ങളുടെ തലക്കെട്ടുകൾ പ്രദർശിപ്പിക്കാൻ എത്തിയ പ്രസാധക സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതിനാൽ റിയാദ് ഫ്രണ്ടിലെ പുസ്തകമേളയുടെ സ്ഥലത്ത് 50 ശതമാനം വർധിപ്പിച്ചിരുന്നു.

പവലിയനുകൾ സന്ദർശിക്കുന്നതിനും സാംസ്കാരിക-കലാ പരിപാടികളിൽ പങ്കെടുക്കുന്നതിനും സൗദി വനിതകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ സൗദി പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള സന്ദർശകരുടെയും പുസ്തകപ്രേമികളുടെയും വലിയ ഒഴുക്കാണ് ഫെസ്റ്റിവലിന്റെ അവസാന മണിക്കൂറുകൾ വരെ പുസ്തക മേളയിലേക്കെത്തിയത്.

71 സെമിനാറുകൾ, 22 ശിൽപശാലകൾ, ഏഴ് കവിതാ സായാഹ്നങ്ങൾ, ആറ് നാടക പ്രകടനങ്ങൾ, ഒമ്പത് കച്ചേരികൾ, 55 കുട്ടികളുടെ പ്രവർത്തനങ്ങൾ എന്നിവ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. 

അറബ് ലോകത്ത് ആദ്യമായി, പ്രശസ്ത ബെലാറഷ്യൻ എഴുത്തുകാരിയും സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമായ സ്വെറ്റ്‌ലാന അലക്‌സിയേവിച്ച് പുസ്തകമേളയിൽ പങ്കെടുത്തു.