ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

0
5166

ദോഹ: ഇന്ത്യയില്‍ നിന്നെത്തുന്ന ഫ്രഷ്, ശീതീകരിച്ച ചെമ്മീനുകളില്‍ മായം കലര്‍ന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഉപയോഗിക്കരുതെന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഇറക്കുമതി ചെയ്യുന്ന ചെമ്മീനുകളുടെ സാമ്പിള്‍ ലാബുകളില്‍ പരിശോധനയ്ക്കു വിധേയമാക്കിയതോടെയാണ് അമിതമായ അളവില്‍ മായം കണ്ടെത്തിയത്.

നഗരസഭ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രാജ്യത്തെ എല്ലാ വിപണികളില്‍ നിന്ന് ഇന്ത്യന്‍ ചെമ്മീന്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വിപണികളില്‍ നിന്നു വാങ്ങിയ ശീതീകരിച്ചതും ഫ്രഷ് ആയതുമായ ചെമ്മീനുകള്‍ ഉപയോഗിക്കരുതെന്നും വാങ്ങിയ ചെമ്മീനുകള്‍ തിരിച്ചു കൊടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ചെമ്മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ഉദരസംബന്ധമായ അസ്വസ്ഥതകള്‍  ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.