അജ്മാന്‍: കേരള തുറമുഖ–മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ അജ്‌മാൻ തുറമുഖ ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അജ്‌മാൻ പോർട്ട് & കസ്റ്റംസ് ഓഫീസിൽ നടന്ന ചർച്ചയിൽ കേരളത്തിൽ ലോജിസ്റ്റിക് മേഖലയിൽ നടന്നുവരുന്ന സർവോന്മുഖമായ വികസനം, നിക്ഷേപ സാധ്യത എന്നിവയെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. തുടർന്നു അജ്‌മാൻ മ്യൂസിയം സന്ദർശിച്ചു.

നേരത്തെ അജ്മാൻ എമിറേറ്റ്സ് കോടതിയുടെ ചെയർമാനും എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. മാജിദ് ബിൻ സഊദ് അൽ നുഐമി, അജ്മാൻ പൗരത്വ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല ബിൻ മാജിദ് ബിൻ സഊദ് അൽ നുഐമി എന്നിവരുമായി മന്ത്രി അജ്മാൻ പാലസിൽ കൂടിക്കാഴ്ച നടത്തി.

ദേശീയ ദിനത്തോടു അനുബന്ധിച്ചു മോചിപ്പിക്കുന്ന തടവുകാരിൽ ക്രിമിനൽ പശ്ചാത്തലമില്ലാത്ത മലയാളികളെ കൂടി പരിഗണിക്കണം എന്ന് അദ്ദേഹം അഭ്യർഥിച്ചു.
കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സിഇഒ ടി.പി. സലിം കുമാർ, അംഗം കാസിം ഇരിക്കൂർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി. അൻവർ സാദത്ത്, യു.ടി. മുഹമ്മദ് ഷമീർ, യുഎഇയിലെ സാമൂഹിക പ്രവർത്തകരായ രാകേഷ്, പ്രഘോഷ് അനിരുദ്ധ്, സാജിഫ് അഷ്‌റഫ് അലി, ഷബീർ ഇസ്മയിൽ എന്നിവരും സംബന്ധിച്ചു.




