ഇന്ത്യൻ വ്യവസായ വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഇന്ന് സഊദിയിൽ; സാമ്പത്തിക നിക്ഷേപ സമിതി മന്ത്രിതല യോഗത്തിൽ പങ്കെടുക്കും

0
687

റിയാദ്: രണ്ടു ദിവസത്തെ
ഔദ്യോഗിക സന്ദർശനത്തിനായി
ഇന്ത്യൻ വ്യവസായ വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഇന്ന് സഊദിയിലെത്തും.

ഇന്ത്യാ – സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ചട്ടക്കൂടിന് കീഴിലുള്ള രണ്ട് സമിതികളിൽ ഒന്നായ ഇൻഡോ – സൗദി സാമ്പത്തിക നിക്ഷേപ സമിതി മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി എത്തുന്നത്. ഞായർ തിങ്കൾ ദിവസങ്ങളിൽ സൗദി അധികൃതരുമായി പലവിധ ഔദ്യോഗിക ചർച്ചകളിൽ പങ്കെടുക്കും.

സാമ്പത്തിക നിക്ഷേപ സമിതി യോഗത്തിന് ഇന്ത്യൻ മന്ത്രി പിയൂഷ് ഗോയൽ , സഊദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ എന്നിവർ സംയുക്തമായാണ് ആദ്ധ്യക്ഷം വഹിക്കുക .കേന്ദ്രമന്ത്രി പീയുഷിന്റെ സൗദി സന്ദർശനവേളയിൽ വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രൊജക്ട് , ട്രാൻസ് ഓഷ്യൻ ഗ്രിഡ് , ഗ്രീൻ ഹൈഡ്രജൻ , ഭക്ഷ്യ – ഔഷധ – ഊർജ സുരക്ഷ , ഉഭയകക്ഷി നിക്ഷേപങ്ങൾ വർദ്ധിപ്പിക്കൽ എന്നിവയും ചർച്ചയാകും.

സൗദി വാണിജ്യ മന്ത്രി ഡോ . മാജിദ് ബിൻ അബ്ദുല്ല അൽ ഖസബിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. സഊദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും ഉഭയകക്ഷി സഹകരണവും ഇനിയും പുതിയ വിതാനങ്ങളിലേക്ക് ഉയർത്തുന്നതാകും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സന്ദർശനമെന്ന് റിയാദിലെ ഇന്ത്യൻ എംബസി പ്രത്യാശ പ്രകടിപ്പിച്ചു.

സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ . ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സഊദിഅറേബ്യയും.