വ്യാജ ഓഫറുകളോടും പ്രലോഭിപ്പിക്കുന്ന സന്ദേശങ്ങളോടും ഏറ്റവും കൂടുതൽ പ്രതികരിക്കുന്ന നഗരമായി ജിദ്ദ

0
1023

ജിദ്ദ: വ്യാജ ഓഫറുകളോടും പ്രലോഭിപ്പിക്കുന്ന സന്ദേശങ്ങളോടും ഏറ്റവും കൂടുതൽ പ്രതികരിക്കുന്ന നഗരമായി ജിദ്ദ.

സര്‍വെ പ്രകാരം തട്ടിപ്പുകാരുടെ ചതിക്കുഴിയില്‍ വീഴുന്നതില്‍ 44.2 ശതമാനം നേടിയാണ് ജിദ്ദ ഒന്നാം സ്ഥാനത്തുള്ളത്.

ദേശീയ തട്ടിപ്പ് വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ സാമൂഹിക സര്‍വെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

36.6 ശതമാനം നേടി രണ്ടാം സ്ഥാനത്ത് റിയാദും 9.2 ശതമാനം നേടി ദമാമും തൊട്ടടുത്തുണ്ട്. ശേഷം മദീന, മക്ക.
കഴിഞ്ഞ ജൂണ്‍ 29 മുതല്‍ ജൂലൈ 16 വരെയാണ് സര്‍വെ നടത്തിയത്. പ്രലോഭന ഓഫറുകളോട് പൊതുജനം എങ്ങനെ പ്രതികരിക്കുന്നുവെന്നും വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കുന്നുവെന്നും പഠിക്കുന്നതിനാണ് തട്ടിപ്പ് വിരുദ്ധ കാമ്പയിന്‍ രാജ്യവ്യാപകമായി നടത്തിയത്. സമ്മാനങ്ങളും മത്സരങ്ങളുമുള്ള ഓഫറുകള്‍ 71000ത്തിലധികം പേര്‍ സന്ദര്‍ശിച്ചു. ഇതാണ് കൂടുതല്‍ പേരെ ആകര്‍ഷിച്ചത്.

സൗദി ബാങ്കുകളുടെ മീഡിയ ആന്റ് ബാങ്കിംഗ് അവയര്‍നസ് കമ്മിറ്റിയും സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആന്‍ഡ് ഡ്രോണ്‍സും ആറു വെബ്‌സൈറ്റുകള്‍ ഈ സര്‍വെക്കായി രൂപപ്പെടുത്തിയിരുന്നു. വിവിധ പ്രായക്കാരുടെ സാമൂഹിക താത്പര്യങ്ങള്‍ ലക്ഷ്യമിട്ട് അവരുടെ രഹസ്യാത്മകതയെ മാനിച്ച് നടത്തിയ സര്‍വെ വഴി ആകര്‍ഷകമായ പരസ്യങ്ങളോടുള്ള പൊതുജനങ്ങളുടെ പ്രതികരണം പരീക്ഷിച്ചറിഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കണമെന്ന മുന്നറിയി നല്‍കുമ്പോഴും പലരും അത് വേണ്ടവിധം കാര്യമാക്കിയിരുന്നില്ലെന്ന് വ്യക്തമായി.