ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ വാഹനമിടിച്ച് ഭർത്താവ് മരിച്ചത് അറിയാതെ ഭാര്യ തുടർ ചികിത്സക്കായി നാട്ടിലേക്ക് പോയി. ഭർത്താവിനോടൊപ്പം അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഭാര്യ ബിഹാർ പട്ന സ്വദേശി വൈഷ്ണവിയാണ് തുടർചികിത്സക്കായി നാട്ടിലേക്ക് പോയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകടത്തിൽ പരിക്കെറ്റതിനെ തുടർന്ന് രണ്ട് മാസത്തെ വിദഗ്‌ധ ചികിത്സക്കുശേഷം യാത്രക്ക് കഴിയുമെന്നായപ്പോൾ വൈഷ്‌ണവിയെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ഭർത്താവ് മരിച്ച വിവരം വൈഷ്ണവിയെ അറിയിച്ചിട്ടില്ല. വൈഷ്ണവി നാട്ടിലേക്ക് പോയതിനു പിന്നാലെ ചന്ദ്രപ്രഭാത് കുമാറിന്റെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി.
ജൂലൈ 26 ന് ജുബൈൽ ‘താബ സെന്ററിന്’ സമീപമാണ് അപകടം നടന്നത്. സായാഹന നടത്തത്തിന് ഇറങ്ങിയ ദമ്പതികളെ സ്വദേശിയുടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഭർത്താവ് ചന്ദ്രപ്രഭാത് കുമാർ തൽക്ഷണം മരിച്ചിരുന്നു. കാലുകൾക്ക് ഗുരുതര പരിക്കേറ്റ ഭാര്യ വൈഷ്ണവി കുമാരി (21) വിദഗ്ധ ചികിത്സക്കായി അൽഅഹ്സ്സയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
സാരമായി പരിക്കേറ്റ വൈഷ്ണവിയെ ഉടൻ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കാലിലെ ഞരമ്പുകൾ അറ്റുപോയതിനാൽ അൽഅഹ്സ്സയിലെ ആശുപത്രിയിലേക്ക് രാത്രി ഒന്നോടെ മാറ്റുകയായിരുന്നു. ഒന്നര ദിവസം നീണ്ട ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സക്കും ശേഷമാണ് വൈഷ്‌ണവി ജീവിതത്തിലേക്ക് മടങ്ങിയത്. രണ്ടു മാസത്തോളം അൽ അഹ്സ്സയിലെ ആശുപത്രിയിൽ തുടർന്നു. നവോദയ പ്രവർത്തകൻ കൃഷ്ണനനാണ് വൈഷ്ണവിക്ക് സഹായങ്ങൾ എത്തിച്ചു കൊടുത്തത്.
യാത്ര ചെയ്യാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ കമ്പനി തീരുമാനിച്ചത്. അൽ അഹ്സ്സയിൽനിന്നും ജുബൈലിലെ തമീമി കാംപിൽ എത്തിച്ച് അവിടെ നിന്ന് ദമാം വിമാനത്താവളം വഴി ലഖനോവിലേക്ക് നഴ്‌സിന്റെ സഹായത്തിൽ കൊണ്ടുപോയി. ചന്ദ്രപ്രഭാത് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണെന്ന് മാത്രമേ വൈഷ്ണവിയെ അറിയിച്ചിട്ടുള്ളൂ.
അപകടം നടന്നത് സംബന്ധിച്ച് അവർക്ക് കാര്യമായ ഓർമയില്ല. വൈഷ്‌ണവിയെ നാട്ടിലേക്ക് അയച്ചതോടെ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ചന്ദ്രപ്രഭാതിന്റെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി വെൽഫെയർ സേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ അയക്കുന്നതിനും വൈഷ്ണവിയെ കൊണ്ടുപോകുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
അപകടത്തിന്റെ ഒരുമാസം മുമ്പാണ് വൈഷ്ണവി സന്ദർശക വിസയിൽ ഭർത്താവിന്റെ അടുത്തേക്ക് എത്തിയത്. ചന്ദ്രശേഖർ പ്രസാദ്-ശാന്തി കുമാരി ദമ്പതികളുടെ മകനാണ് ചന്ദ്ര പ്രഭാത് കുമാർ.




