2030 ലോകകപ്പ് ഫൈനൽ ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിൽ സഊദി അറേബ്യ, ചർച്ചകൾ പുരോഗമിക്കുന്നു

0
2565

റിയാദ്: 2030 ഫുട്ബോൾ ലോകകപ്പ് ഫൈനൽ ആതിഥേയത്വം വഹിക്കാൻ ഒരുക്കമാണെന്ന് അറിയിച്ച് സഊദി അറേബ്യ. ഇതിനായി സഊദി അറേബ്യ, ഈജിപ്തിലെയും ഗ്രീസിലെയും സ്പോർട്സ് എക്സിക്യൂട്ടീവുകളുമായി ചർച്ച നടത്തുകയാണെന്ന് ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്ന് രാജ്യങ്ങളും സംയുക്ത പ്രവർത്തനത്തിലാണെന്നും 2030 ലോകകപ്പ് സംഘടിപ്പിക്കാനുള്ള അപേക്ഷ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഈജിപ്ത് കായിക മന്ത്രാലയം വക്താവ് മുഹമ്മദ് ഫൗസി ഡിഎംസി ടെലിവിഷനോട് പറഞ്ഞു. ഇത്തരമൊരു കായികമേള സംഘടിപ്പിക്കുന്നതിൽ ഈജിപ്ത് ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായിരിക്കും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യം നിരവധി ലോക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ ക്ലബ് ഫുട്ബോൾ, ബോക്സിംഗ് വേൾഡ് ടൈറ്റിൽ ബൗട്ടുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതും സഊദി അറേബ്യയുടെ വിഷൻ 2030 ന്റെ ഒരു പ്രധാന ഭാഗമാണ്.

2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സംയുക്ത ബിഡിനെക്കുറിച്ച് മൂന്ന് രാജ്യങ്ങളും ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഗ്രീസിലെ ഹെല്ലനിക് ഫുട്ബോൾ ഫെഡറേഷൻ ഏഥൻസിലെ എഎഫ്‌പിയോട് സ്ഥിരീകരിച്ചു. ചർച്ചകൾ വിജയകരമാണെങ്കിൽ, ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് പോലെ, മൂന്ന് രാജ്യങ്ങളിലെയും കടുത്ത താപനില ഒഴിവാക്കാൻ വടക്കൻ ശൈത്യകാലത്ത് ഇവന്റ് നടത്തുമെന്ന് ബ്രിട്ടീഷ് പത്രമായ ദി ടൈംസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

ഈജിപ്ത്, ഗ്രീസ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളുടെ ബിഡ് മറ്റ് രണ്ട് സംയുക്ത നിർദ്ദേശങ്ങൾക്കെതിരെയാണ് രംഗത്തെത്തുന്നത്. അർജന്റീന, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങൾ 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം ഓഗസ്റ്റ് ആദ്യം ആരംഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ സ്‌പെയിനും പോർച്ചുഗലും കഴിഞ്ഞ വർഷം സംയുക്ത സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

100 വർഷം മുമ്പ് ആദ്യ ടൈറ്റിൽ മത്സരം നടന്ന മോണ്ടെവീഡിയോയിലെ അതേ സെന്റനാരിയോ സ്റ്റേഡിയത്തിൽ 2030 ഫൈനൽ നടത്താനാണ് സംയുക്ത തെക്കേ അമേരിക്കൻ ബിഡ് ലക്ഷ്യമിടുന്നത്.

നവംബറിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ ഫിഫ ലോകകപ്പിനുള്ള കൗണ്ട്ഡൗൺ നടന്നുവരികയാണ്. ഒരു ദശലക്ഷത്തിലധികം ഫുട്ബോൾ പ്രേമികൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിൽ പ്രഖ്യാപിച്ച അവസാന നിമിഷത്തെ മാറ്റത്തെത്തുടർന്ന്, ആസൂത്രണം ചെയ്തതിനേക്കാൾ ഒരു ദിവസം മുമ്പ് നവംബർ 20 ന് ഇവന്റ് ആരംഭിക്കും.