ജിദ്ദ കെ എം സി സി മെഗാഫാമിലി മീറ്റ് പ്രവാസികൾക്ക് കലോത്സവമായി മാറി

ജിദ്ദ: ‘ഉത്തമ കുടുംബം ഉദാത്ത സമൂഹം’ എന്ന പ്രമേയവുമായി ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഫാമിലി മീറ്റ് പ്രവാസി ജിദ്ദയുടെ വിരസതയകറ്റിയ കലാ കായിക മഹോത്സവമായി മാറി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളും കുടുംബങ്ങളുമടക്കം ഹരാസാത്തിലെ അൽ ഖിമ്മ കൺവെൻഷൻ സെൻററിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെയും മാപ്പിള മഹാകവി മോയീൻകുട്ടി വൈദ്യരുടെയും മഹാകവി ടി. ഉബൈദിൻ്റെയും പേരുകൾ നാമകരണം ചെയ്ത വിവിധ ഓഡിറ്റോറിയങ്ങളിൽ കലാപരിപാടികൾ അരങ്ങേറിയപ്പോൾ പുറത്ത് മാനാഞ്ചിറ മൈതാനിയിലും പുത്തരിക്കണ്ടം മൈതാനിയിലും കുട്ടികളുടെ വിവിധ ഇനം കായിക മത്സരങ്ങൾ മാറ്റുരച്ചു.

 

‘രുചിയുടെ അഭിരുചി’ എന്ന തലക്കെട്ടിൽ കുടുംബിനികൾക്കായി സംഘടിപ്പിച്ച ബിരിയാണി, പായസ പാചക മത്സരം പ്രവാസി കുടുംബിനികളുടെ രുചിക്കൂട്ടിൻ്റെ കരവിരുതും കൈപുണ്യവും ചേർന്ന രുചി ഭേദങ്ങളുടെ കടുത്ത മത്സരമായിരുന്നു.
‘വരയിൽ വിരിയും കുഞ്ഞു ഭാവന’ എന്ന തലക്കെട്ടിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്ര രചനയിൽ 50 ലേറെ കുട്ടികൾ മാറ്റുരച്ചു. വിവിധ പ്രായക്കാരായ നാല് വിഭാഗങ്ങളിലായി ലമൺ സ്പൂൺ, ചാക്കിലോട്ടം, മിഠായി പൊറുക്കൽ മത്സരങ്ങളിൽ ഇരുനൂറിലേറെ കുട്ടികൾ പങ്കെടുത്തു.

ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വി.പി മുഹമ്മദലി മെഗാ ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ എം സി സി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അൽ അബീർ ഗ്രൂപ്പ് വൈസ് പ്രസിഡൻറ് ഡോ. ജംഷീദ്, മലയാളം ന്യൂസ് പത്രാധിപർ മുസാഫിർ, മക്ക കെ എം സി സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ഇമ്രാൻ, വി. പി. അലി മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.

 

‘ഇണയാവാം തുണയാവാം’ എന്ന പേരിൽ പ്രമുഖ ഹിപ്നോതൊറാപിസ്ററും ട്രൈനറുമായ
ജലീൽ എമറാൾഡ് നയിച്ച
മോട്ടിവേഷൻ സെഷൻ കുടുംബങ്ങൾക്ക് വലിയ അനുഭവപാഠമായി.

പൗരത്വ പ്രക്ഷോഭത്തിൽ ജനങ്ങളെ പാട്ട് പാടി ആവേശം കൊള്ളിച്ച വിടൽ മൊയ്തു പടപ്പാട്ടുമായി വേദിയിലെത്തിയപ്പോൾ സദസ്സ് ഹർഷാരവം മുഴക്കി വരവേറ്റു. രാവേറെ നീണ്ട മെഹ്ഫിലും മാപ്പിളപ്പാട്ടും
ഫാമിലി മീറ്റിന് മാറ്റുകൂട്ടി. കുട്ടികളുടെ ഒപ്പനയും കോൽക്കളിയും കാശ്മീരി നൃത്തവും കാസർകോഡ് ജില്ലയുടെ പാട്ട് മക്കാനിയും അലി പാങ്ങാട്ടിൻ്റെ നേതൃത്വത്തിൽ ചായമക്കാനിയും ഫൺ ഗെയ്മുകളും ഗൊറില്ലയോടൊപ്പം കുട്ടികളുടെ മതിമറന്ന ചാട്ടക്കളിയും ഒരു ദിവസം പ്രവാസത്തിൻ്റെ വിരസത മറന്ന് കുട്ടികൾക്കും കുടുംബങ്ങൾക്കും ഉത്സവ പ്രതീതി സമ്മാനിച്ചു.

കലാവിരുന്നിന് വന്നവർക്കൊക്കെ വിഭവസമൃദ്ധമായ ഭക്ഷണവും നൽകി പ്രവാസി ജിദ്ദക്ക് ജിദ്ദ കെ എം സി സി യുടെ ഫാമിലി മീറ്റ് മറക്കാനാവാത്ത അനുഭവമായി മാറി. കെ.എം.സി.സി.മെമ്പർഷിപ്പ് കാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കലാപരിപാടികളുടെ മികവ് കൊണ്ടും സംഘാടനം കൊണ്ടും ഏറെ ശ്രദ്ധയമായിരുന്നു.

ജിദ്ദ കെ എം സി സി ഭാരവാഹികളായ അൻവർ ചേരങ്കെ, നിസാം മമ്പാട്, സി.കെ. റസാഖ് മാസ്റ്റർ, വി.പി.അബ്ദു റഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം, പി.സി എ റഹ്മാൻ, എ.കെ. മുഹമ്മദ് ബാവ, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂർ, സീതി കൊളക്കാടൻ, മജീദ് പുകയൂർ, നാസർ വെളിയംകോട്, ജലാൽ തേഞ്ഞിപ്പലം, ടി. കെ അബദു റഹ്മാൻ, കൊല്ലി ഇബ്‌റാഹീം, ഹസ്സൻ ബത്തേരി, നസീർ വാവക്കുഞ്ഞു, സക്കരിയ കണ്ണൂർ, സക്കീർ മണ്ണാർക്കാട്, സുബൈർ വാണിമേൽ, ഹുസൈൻ കരിങ്കറ, അബ്ബാസ് വേങ്ങൂർ, വി.പി ഉനൈസ്, ഹസ്സൻകോയ കോഴിക്കോട്, ലത്തീഫ് വെള്ളമുണ്ട, ഷബീറലി കോഴിക്കോട്, ലത്തീഫ് പൂനൂർ എന്നിവർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. മണ്ഡലം ഭാരഹികളുമടങ്ങുന്ന നൂറോളം ഒഫീഷ്യൽസും ഏരിയ പഞ്ചായത്ത് ഭാരവാഹികൾ ഉൾക്കൊള്ളുന്ന ഇരുനൂറോളം വളണ്ടിയർമാരും വനിതാ കെ എം സി സി യുടെ 50 വളണ്ടിയർമാരുമാണ് പരിപാടികൾ നിയന്ത്രിച്ചത്.