റിയാദ്: സഊദി അറേബ്യയിൽ തടവുകാരനായിരിക്കെ രോഗബാധിതനായി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം അമ്പലംകുന്ന് നെട്ടയം വടക്കുംകര വീട്ടിൽ ശ്രീധരൻ, ശാന്തമ്മ ദമ്പതികളുടെ മകൻ സുദർശനന്റെ (57) മൃതദേഹമാണ് നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കൻപോക്സ് ബാധിച്ചാണ് സുദർശൻ മരണപ്പെട്ടത്.
സ്പോൺസറോടൊപ്പം ജീസാൻ പച്ചക്കറി മാർക്കറ്റിലെ കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ നിയമലംഘനത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടന്ന് ജയിലിൽ അടച്ച് ശിക്ഷ അനുഭവിക്കുന്നതിനിടെ രോഗബാധിതനാവുകയായിരുന്നു.
ജീസാൻ സബിയ ജനറൽ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 25 വർഷം മുമ്പ് സഊദിയിൽ എത്തിയതാണ് സുദർശനൻ. ഗീതയാണ് മരിച്ച സുദർശനെൻറ ഭാര്യ. മക്കൾ: ഗീതു, നീതു. മരുമക്കൾ: ശ്രീജു, മനു.
മൃതദേഹം നാട്ടിലെത്തിക്കണമെന്ന വീട്ടുകാരുടെ അഭ്യർഥനയെ തുടർന്ന് കൊല്ലം ഡി.സി.സി മുൻ അധ്യക്ഷ ബിന്ദുകൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ കുളപ്പാടം എന്നിവർ ഒ.ഐ.സി.സി ജീസാൻ കമ്മിറ്റിയെ ബന്ധപ്പെട്ടതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.
വൈസ് പ്രസിഡൻറ് ഫൈസൽ കുറ്റ്യാടിയും സുദർശെൻറ ബന്ധുവായ മനോജ് കൃഷ്ണനും നാട്ടിലയക്കാനുള്ള ശ്രമങ്ങൾ നടത്തി. സ്പോൺസർ കൈയ്യൊഴിഞ്ഞതിനാൽ എംബാമിങ്ങിനും വിമാന ടിക്കറ്റിനും അടക്കമുള്ള ചെലവുകൾക്ക് ആവശ്യമായ പണം നാട്ടിൽനിന്നും എത്തിച്ചാണ് നടപടികൾ പൂർത്തീകരിച്ചത്.
ഒ.ഐ.സി.സി അൽഖസീം പ്രവിശ്യ മുൻ പ്രസിഡൻറ് ഇക്ബാൽ പള്ളിമുക്ക് നോർക്കയുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയിൽനിന്നും മൃതദേഹം കൊല്ലത്ത് എത്തിക്കുന്നതിനുളള സൗജന്യ ആബുലൻസ് സൗകര്യം ഒരുക്കി. ഒ.ഐ.സി.സി മദീന മുൻ സെക്രട്ടറിയും യുത്ത് കോൺഗ്രസ് കരീപ്ര മണ്ഡലം പ്രസിഡൻറുമായ നിഷാദ് അസീസ്, ഇക്ബാൽ പള്ളിമുക്ക്, കെ.എസ്.യു കരീപ്ര മണ്ഡലം പ്രസിഡൻറ് അഫ്സൽ തുടങ്ങിയവർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു.




