ദയനീയം….. കരൾ പിളർക്കും….; കുഞ്ഞനുജന്റെ മൃതദേഹവുമായി ആംബുലന്‍സ് കാത്ത് 8 വയസുകാരന്‍; കരളലിയിപ്പിക്കും ഈ കാഴ്ച

0
5755

ഭോപ്പാൽ: വൃത്തിഹീനമായ പരിസരം.. തകര്‍ന്നുതുടങ്ങിയ മതിലിന് കീഴെ ഒരു കൊച്ചുബാലന്‍. എട്ട് വയസ് പ്രായം. അവന്റെ മടിയില്‍ വെളുത്ത തുണിക്കെട്ടില്‍ പൊതിഞ്ഞ സ്വന്തം സഹോദരന്റെ മൃതദേഹം. മരിച്ച കുഞ്ഞിന്റെ പ്രായം വെറും രണ്ട് വയസ്. മാധ്യമങ്ങൡ നിറഞ്ഞ ഹൃദയസ്പര്‍ശിയായ ഈ ചിത്രം മധ്യപ്രദേശില്‍ നിന്നുള്ളതാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിസഹായതയോടെ ഇരിക്കുന്ന ആണ്‍കുഞ്ഞിന്റെ ചിത്രമാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ബദ്ഫ്ര ഗ്രാമത്തില്‍ നിന്ന് ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ പകര്‍ത്തിയതാണ് ഈ കാഴ്ച. രണ്ട് വയസുകാരനായ മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വാഹനം കാത്തുനില്‍ക്കുകയാണ് പിതാവ് പൂജാറാം ജാതവ് എന്ന മനുഷ്യന്‍. ഈ സമയത്താണ് എട്ടുവയസുകാരന്‍ ഗുല്‍ഷന്‍ അനുജന്റെ മൃതദേഹം മടിയിലിരുത്തി നിലത്തിരിക്കുന്നത്.

അംബയിലെ ബദ്ഫ്ര ഗ്രാമത്തിലെ താമസക്കാരനാണ് പൂജാറാം. അനീമിയ ബാധിച്ച മകനെ ആദ്യം പൂജാറാം ഒരു പ്രാദേശിക ആശുപത്രിയിലേക്കാണ് എത്തിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പിന്നീട് കുഞ്ഞിനെ ഭോപ്പാലില്‍ നിന്ന് 450 കിലോമീറ്റര്‍ വടക്കുള്ള മൊറേന ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സിലെത്തിച്ചു. ചികിത്സയ്ക്കിടെ പൂജാറാമിന്റെ മകന്‍ മരിച്ചു. എന്നാല്‍ പുറത്ത് കാത്തുനിന്ന ആംബുലന്‍സ് അപ്പോഴേക്കും പോയ്ക്കഴിഞ്ഞിരുന്നു. കുഞ്ഞ് മകന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം കാത്തിരിക്കുകയാണ് വഴിയോരത്ത് പൂജാറാമും മൂത്തമകനും.

മൃതദേഹം 30 കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ വാഹനം വേണമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും പൂജാറാം അഭ്യര്‍ത്ഥിച്ചു. ഹോസ്പിറ്റലില്‍ വാഹനമില്ലെന്നും പുറത്ത് വാഹനം ഏര്‍പ്പാടാക്കണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതിനുള്ള പണം പൂജാറാമിന്റെ കൈവശമില്ലായിരുന്നു.

ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ആംബുലന്‍സ് ഡ്രൈവര്‍ 1,500 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതും നല്‍കാന്‍ കഴിഞ്ഞില്ല. കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം തേടി പോയതാണ് പൂജാറാം. ഈ സമയത്താണ് എട്ടുവയസുള്ള മൂത്ത മകന്റെ മടിയില്‍ മൃതദേഹം ഏല്‍പ്പിച്ചത്. വാഹനവുമായി വരുന്ന പിതാവിനെയും കാത്തിരിക്കുന്ന കുഞ്ഞ് ഗുല്‍ഷാമിന്റെ മുഖവും അനുജന്റെ മൃതദേഹവും കണ്ണ് നനയിക്കും.