മക്ക: ഹജ്ജ് കർമ്മങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തീർത്ഥാടകരെ കൊണ്ട് നിബിഡമായ മക്ക നഗരത്തിൽ സേവന രംഗത്ത് കർമ്മ നിരതമായി നവോദയ ഹജ്ജ് സെൽ.
മക്ക ഏരിയ കമ്മറ്റിയുടെ കീഴിൽ ഒരു മാസത്തോളമായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഹജ്ജ് തീർത്ഥാടകർക്ക് സേവനമൊരുക്കുന്നതിൻ്റെ തിരക്കിലാണ് വളണ്ടിയർമാർ. വഴി തെറ്റുന്ന തീർത്ഥാടകരെ താമസ സ്ഥലത്തെത്തിക്കുക, പ്രായം ചെന്ന ഹാജിമാരെ പരിചരിക്കുക, ക്ഷീണിച്ചവശരായ തീർത്ഥാടകർക്ക് പാനീയങ്ങൾ, ഫ്രൂട്ട്സുകൾ, കഞ്ഞി, ചോറ് എന്നിവ വിതരണം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമാണ് വളണ്ടിയർമാർ.

വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പരിശീലനം ലഭിച്ച സ്ത്രീ- പുരുഷ വളണ്ടിയർമാരാണ് നവോദയ ഹജ്ജ് സെല്ലിൽ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥി- വിദ്യാർത്ഥിനികളും വളണ്ടിയർ സേനയിൽ അംഗങ്ങളാണ്. ഇന്ത്യൻ ഹാജിമാർ കൂടുതലുള്ള അസീസിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും സേവന പ്രവർത്തനങ്ങൾ നടക്കുന്നത്.
തീർത്ഥാടകർ വ്യാഴാഴ്ച മിനായിലെ തമ്പുകളിലേക്ക് നീങ്ങാനിരിക്കെ നവോദയ വളണ്ടിയർമാരും മിനായിലേക്കു തിരിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ അറിയിച്ചു.
നവോദയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, പ്രസിഡണ്ട് റഷീദ് ഒലവക്കോട് എന്നിവർ മക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു.

രക്ഷാധികാരി അംഗങ്ങളായ നൈസൽ, സജീർ കൊല്ലം, വളണ്ടിയർ ക്യാപ്റ്റൻ സാലിഹ് വാണിയമ്പലം, സഹദ് പത്തനംതിട്ട തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിലെ വളണ്ടിയർ സേവനങ്ങൾ.
മുഹമ്മദ് ബശീർ നിലമ്പൂർ, റഷീദ് മണ്ണാർക്കാട്, റിയാസ് വള്ളുവമ്പ്രം, സുമയ്യ അനസ് ആലപ്പുഴ, ഷാഹുൽഹമീദ് വടക്കുഞ്ചേരി, ഫവാസ് കലഞ്ഞൂർ, ജലീൽ കൊടിയത്തൂർ, ഫിറോസ് കോന്നി, മുസ്തഫ കൊടുമുണ്ട, ഹബീസ് പൻമന എന്നിവർ വളണ്ടിയറിംഗിൻ്റെ വിവിധ ചുമതലകൾ വഹിച്ചു വരുന്നു.




