മദീന: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കാര്യങ്ങൾക്ക് നാളെ പ്രാരംഭം കുറിക്കാനിരിക്കെ മദീനയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഹാജിമാരെ മക്കയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി. മദീനയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹാജിമാരെ ഹജ് കര്‍മത്തിനായി പ്രത്യേക മെഡിക്കൽ വാഹന വ്യൂഹത്തിലാണ് മക്കയിലേക്ക് എത്തിക്കുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അകമ്പടിയോടെയാണ് ആംബുലന്‍സുകളില്‍ ഇവരെ മക്കയിലേക്ക് കൊണ്ടുപോകുന്നത്. കിംഗ് സൽമാൻ മെഡിക്കൽ സിറ്റിയിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് മെഡിക്കൽ വാഹന വ്യൂഹം പുറപ്പെട്ടു. രോഗികളായവരെ അറഫയിലും മിനയിലും ആംബുലന്‍സുകളില്‍ എത്തിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ സഹായിക്കും.
9 കിടപ്പുരോഗികളായ തീർത്ഥാടകരുമായി 14 ആംബുലൻസുകൾ, ഒരു തീവ്രപരിചരണ ആംബുലൻസ്, കൂടാതെ ഒരു സംയോജിത ഓക്സിജൻ ക്യാബിൻ, ഒരു മൊബൈൽ ആംബുലൻസ് വർക്ക്ഷോപ്പ്, ഒരു ബസ് എന്നിവക്ക് പുറമെ 60 മെഡിക്കൽ വിദഗ്ധരുമാണ് വാഹനവ്യൂഹത്തിലുളളത്.
സഊദിയില്‍ എത്തിയ എല്ലാ ഹാജിമാരെയും ഹജ്ജിനെത്തിക്കുന്നതിന്റെ ഭാഗമായാണ് ഹാജിമാരെ നാളെ ഹജ്ജ് തുടങ്ങാനിരിക്കെ മക്കയിൽ എത്തിക്കുന്നത്. ഹജ്ജിന്റെ പരമ പ്രധാനമായ അറഫ ദിനത്തിന്റെ അന്ന് ആശുപത്രിയിലും മറ്റും കഴിയുന്ന ഹാജിമാരെ പ്രത്യേക വാഹനത്തിൽ അറഫാത്തിൽ എത്തിക്കും. ഒരു നിലക്കും സാധ്യമാകാത്തവരെ അത്യാധുനിക എയർ ആംബുലൻസിൽ എങ്കിലും അറഫാത്തിൽ എത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
25,000 ആരോഗ്യപ്രവര്‍ത്തകരാണ് ഹാജിമാരുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. 1080 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ കഴിയുന്നു. 238 പേര്‍ സൂര്യാഘാതമേറ്റ് ചികിത്സയിലാണ്.










