സഊദിയിൽ 3.4 കോടി ജനസംഖ്യ, കഴിഞ്ഞ വർഷം പ്രവാസികളുടെ എണ്ണത്തിൽ 8.6 ശതമാനം ഇടിവ്

0
1903

റിയാദ്: 2021 ന്റെ മധ്യത്തോടെ സഊദി അറേബ്യയിലെ മൊത്തം ജനസംഖ്യയിൽ 2.6 ശതമാനം കുറവുണ്ടായതായി കണക്കുകൾ. ഇതോടെ രാജ്യത്തെ ആകെ ജന സംഖ്യ 3.41 കോടിയിലെത്തി. 2020 ന്റെ മധ്യത്തിൽ 3.5 കോടി ആളുകൾ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശികൾ നല്ല തോതിൽ രാജ്യം വിട്ടതാണ് മൊത്തം ജനസംഖ്യയിലെ ഇടിവിന്റെ പ്രധാന ഘടകമെന്ന് ബുധനാഴ്‌ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) വ്യക്തമാക്കി. കൊറോണ വൈറസ് മഹാമാരി കാലഘട്ടത്തിൽ 8.6 ശതമാനം വിദേശികളാണ് സഊദി അറേബ്യയിൽ കുറവുണ്ടായത്.

2021 മധ്യത്തോടെ സഊദി ജനസംഖ്യ വാർഷികാടിസ്ഥാനത്തിൽ 1.2 ശതമാനം വർധിച്ചതായി അതോറിറ്റി ചൂണ്ടിക്കാട്ടി. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 56.8 ശതമാനം പുരുഷന്മാരാണ്. സ്ത്രീകൾ 43.2 ശതമാനവുമാണ്. അതായത് നിലവിൽ 19.4 ദശലക്ഷം പുരുഷൻമാരും സ്ത്രീകൾ 14.7 ദശലക്ഷം സ്ത്രീകളുമാണ് രാജ്യത്തുള്ളത്.

2021 മധ്യത്തോടെ രാജ്യത്ത് താമസിക്കുന്ന വിദേശ പുരുഷന്മാരുടെ എണ്ണത്തിൽ വാർഷികാടിസ്ഥാനത്തിൽ 10.6 ശതമാനം കുറവുണ്ടായതാണ് മൊത്തം ജനസംഖ്യയിലെ കുറവിന് പ്രധാന കാരണമെന്ന് GASTAT ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് മഹാമാരി കാലഘട്ടത്തിലാണ് കൂടുതൽ പേർ രാജ്യം ഉപേക്ഷിച്ചത്.

2019 ൽ രാജ്യത്തെ ജനസംഖ്യ 34.2 ദശലക്ഷമായിരുന്നു. എന്നാൽ, 2020 ൽ ഇത് 35 ദശലക്ഷമായി വർധിക്കുകയും ചെയ്തു. ശേഷമാണ് 2021 വർഷത്തിന്റെ മധ്യത്തിൽ സഊദി അറേബ്യയിലെ ജനസംഖ്യാ കുറവുണ്ടായതെന്ന് അതോറിറ്റി വിശദീകരിച്ചു.

മൊത്തം ജനസംഖ്യയുടെ 63.6 ശതമാനം സഊദികളാണെന്നും ബാക്കിയുള്ള 36.4 ശതമാനം വിദേശ പൗരന്മാർ ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.