എമിറേറ്റ്സ് ഐഡി കരുതിയില്ല, കരിപ്പൂരിൽ യുവാവിന്റെ യാത്ര മുടങ്ങി; ജനുവരി 2022 മുതൽ വിസ പുതുക്കിയവർ ജാഗ്രത പാലിക്കണം

0
3987

അബുദാബി: എമിറേറ്റ്സ് ഐഡി കയ്യിൽ കരുതാത്തതിനെ തുടർന്ന് യുവാവിന്റെ യാത്ര മുടങ്ങിയതായി റിപ്പോർട്ട്. യാത്രികർ അവരുടെ നാട്ടിലെ എയർപോർട്ടിൽ ഇനി എമിറേറ്റ്സ് ഐ.ഡി കാണിക്കണമെന്ന പുതിയ നിബന്ധന എയാപ്പോർട്ടുകളിൽ കർശനമായി നടപ്പിലാക്കുന്നുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ യിൽ അടുത്തിടെ നടപ്പിലായ സുപ്രധാന മാറ്റമാണ് വിദേശികൾക്കനുവദിക്കുന്ന റസിഡൻറ്സ് വിസകൾ പാസ്പോർട്ടുകളിൽ പതിക്കുന്നതിന് പകരം നിലവിലുള്ള തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ച് വിസ അനുവദിക്കുന്നത്. ഇത്തരത്തിൽ പുതുതായി വിസ ലഭിച്ചവരും പഴയ വിസ പുതുക്കിയവരും ഇന്ത്യയുൾപ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് എമിറേറ്റ്സ് ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തണം.

പാസ്പോർട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും പാസ്പോർട്ടുകളിൽ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എൻട്രി പെർമിറ്റ്, അതത് രാജ്യങ്ങളിലെ വിസ കാർഡ് (യു.എ.ഇയിലെ പുതിയ എമിറേറ്റ്സ് ഐ.ഡി), ഇ – വിസ തുടങ്ങിയവയിൽ ഏതെങ്കിലും ഉള്ളവർക്ക് മാത്രമാണ് വിമാന കമ്പനികൾ ബോർഡിങ് പാസ് അനുവദിക്കുന്നത്.

യു.എ.ഇ ഐ.സി.പി (UAEICP ), യു.എ.ഇ പാസ് എന്നിവ വഴി പുതുക്കിയ വിസയുടെ കോപ്പിയെടുത്ത് കൈയിൽ കരുതിയാലും വിമാന കമ്പനികളും എമിഗ്രേഷൻ വിഭാഗവും എമിറേറ്റ്സ് ഐ.ഡിയാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. വിമാന കമ്പനികൾ എമിറേറ്റ്സ് ഐ.ഡിയും പാസ്പോർട്ടുമായി ഒത്തുനോക്കി ബോർഡിങ് അനുവദിക്കുമ്പോൾ എമിഗ്രേഷൻ വിഭാഗം എമിറേറ്റ്സ് ഐ.ഡി ഇലക്ട്രോണിക് ഡിവൈസിൽ സ്വൈപ് ചെയ്ത ശേഷമാണ് നടപടികൾ പൂർത്തിയാക്കി യാത്ര അനുവദിക്കുന്നത്. ജനുവരി 2022 മുതൽ വിസ പുതുക്കിയവരിൽ നിന്നാണ് എമിറേറ്റ്സ് ഐ.ഡി ആവശ്യപ്പെടുന്നത്.

പുതിയ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ മുന്നോടിയായി യുഎഇ എമിറേറ്റ്‌സ് ഐഡി അടുത്തിടെ വലിയ പരിഷ്‌ക്കരണത്തിന് വിധേയമാക്കിയിരുന്നു. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന വിസയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിവരങ്ങളും എമിറേറ്റ്‌സ് ഐഡിയിലും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. ഇതുപ്രകാരം പ്രവാസികളുടെ വ്യക്തിപരമായ വിവരങ്ങള്‍, താമസവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍, സ്‌പോണ്‍സറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ ഐഡി കാര്‍ഡിലും ലഭ്യമാണ്. ഇ-ലിങ്ക് സംവിധാനം വഴി എവിടെ വച്ചും വായിച്ചെടുക്കാവുന്ന രീതിയിലാണ് ഈ വിവരങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.