വിവാഹത്തിനായി അവധിക്കെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു

0
6752

പട്ടാമ്പി: സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരണപ്പെട്ടു. പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) യാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബിയിൽ നിന്ന് 10 ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മുഹമ്മദ് ഷാഫിയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു ദുരന്തം.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്–തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റയാളെ പുറത്തെടുത്തത്. ഉടൻ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത്. ഇവർ ഓടി മാറുകയായിരുന്നു. ബസ് ഡ്രൈവർക്കും നിസ്സാര പരുക്കുണ്ട്.

ഉമ്മ: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിത, ഷെജി.