റിയാദ്: രാജ്യത്ത് പ്രധാന 20 ഭക്ഷ്യ വസ്തുക്കളുടെ വില കുറക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്രാദേശിക വിപണിയിൽ 20 അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില 10 മുതൽ 20 ശതമാനം വരെ കുറക്കാനുള്ള പദ്ധതിയുമായി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ ആണ് നടപടികൾ ആരംഭിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉയരുന്ന വില വർധനവ് കണക്കിലെടുത്താണ് നടപടികൾക്ക് തുടക്കമിട്ടത്.
ഇതിന്റെ ഭാഗമായി വൻകിട ഉത്പാടക കമ്പനികളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ചർച്ചകൾ വിജയം കണ്ടതായാണ് റിപ്പോർട്ടുകൾ. 300 ലേറെ ഹൈപ്പർമാർക്കറ്റ് ശാഖകളുള്ള അഞ്ച് വൻകിട കമ്പനികളുമായാണ് ചർച്ചകൾ നടത്തിയത്. മുട്ട, പഞ്ചസാര, കോഴിയിറച്ചി, എണ്ണ എന്നിവ അടക്കം 20 പ്രധാന ഭക്ഷ്യവസ്തുക്കളുടെ വില കുറക്കാനുള്ള പദ്ധതിയുമായി അഞ്ചു വൻകിട കമ്പനികൾ സഹകരിക്കാൻ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2021 നവംബർ മുതൽ ഭക്ഷ്യവസ്തുക്കളുടെ വിലമാറ്റങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലകൾ വർധിച്ചിട്ടുണ്ട്.
ആഗോള വിപണികളിലെ വിലക്കയറ്റത്തിന്റെ ആഘാതത്തിൽ നിന്ന് ഉപയോക്താവിനെ എങ്ങിനെ സംരക്ഷിക്കാമെന്നതിനെ കുറിച്ചും വിപണിയിലെ സ്ഥിതിഗതികളെ കുറിച്ചും നിരവധി ആഗോള വിപണികളിലെ വിലക്കയറ്റം സഊദി വിപണിയെ ബാധിക്കുന്നതിനെ കുറിച്ചും പഠിച്ചതായി അസോസിയേഷൻ പറഞ്ഞു. രാജ്യത്തെ വിലക്കയറ്റങ്ങളെ കുറിച്ച് സാമൂഹികമാധ്യമ ഉപയോക്താക്കൾ വ്യാപകമായി പരാതിപ്പെടുകയും ചെയ്യുന്നതും അസോസിയേഷൻ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.




