കൊവിഡ്-കുരങ്ങുപനി ഭീതി: വിമാനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി

0
2699

യുഎഇ നാല് പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതും കൊവിഡും പരിഗണിച്ചാണ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം

അബുദാബി: കുരങ്ങുപനി, കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് വിമാനയാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം യുഎഇ പുതുക്കി. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം യാത്രയ്ക്ക് മുമ്പും ശേഷവും പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കുരങ്ങുപനി കേസുമായി സമ്പർക്കം ഉണ്ടായാൽ 21 ദിവസം ക്വാറന്റൈൻ യു എ ഇ പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്ര ചെയ്യുന്നതിനു മുമ്പ് പാലിക്കേണ്ടവ

വൈറസ് വകഭേദം പടരുന്ന പ്രദേശങ്ങളിലെ കൊവിഡ് സാഹചര്യം പരിശോധിക്കുകയും
ഏറ്റവും ആവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യുക. പ്രായമായവര്‍, പ്രമേഹരോഗികള്‍, ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ തുടങ്ങിയ വ്യക്തികള്‍ വൈറസ് പടരുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
ശുപാര്‍ശ ചെയ്യുന്ന കൊവിഡ് വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക.

യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

കൈകള്‍ പതിവായി കഴുകുക (സോപ്പും വെള്ളവും അല്ലെങ്കില്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള സാനിറ്റൈസറുകളും ഉപയോഗിച്ച് കഴുകുന്നത് ഫലപ്രദം),
മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, അസുഖം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക, യാത്രകളിലും ഒത്തുചേരലുകളിലും പ്രാദേശിക കൊവിഡ്-19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

യാത്രയ്ക്ക് ശേഷം

സുരക്ഷ ഉറപ്പാക്കാനും വൈറസ് പടരാതിരിക്കാനും പിസിആര്‍ പരിശോധന നടത്തുക, യുഎഇയില്‍ കുരങ്ങുപനി നാലു പേരില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വൈറസ് പരത്തുന്ന രോഗമാണെങ്കിലും തീവ്രവ്യാപന സാധ്യത കുരങ്ങുപനിക്കില്ലെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം പടരുന്നത് കൈകാര്യം ചെയ്യാന്‍ രാജ്യത്തെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും സജ്ജമാണ്. ഏതെങ്കിലും തരത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

രോഗബാധിതരായ വ്യക്തികള്‍, മൃഗങ്ങള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രകളില്‍ ജാഗ്രത പുലര്‍ത്താനും ആള്‍ക്കൂട്ടമുള്ള ഇടങ്ങള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

‘രോഗം സംശയിക്കുന്നവരെ കണ്ടെത്തുന്നതിന് കൃത്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായുള്ള സാങ്കേതിക ഉപദേശക സംഘത്തിന്റെ നിരീക്ഷണം, രോഗം നേരത്തെ സ്ഥിരീകരിക്കല്‍, ക്ലിനിക്കലി രോഗബാധിതരായ രോഗികളുടെ ചികിത്സ, മുന്‍കരുതല്‍ നടപടികള്‍ എന്നിവയ്ക്കായി സമഗ്രമായ ഗൈഡ് തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്,’ അധികൃതര്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള കുരങ്ങുപനി വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാധ്യമായ എല്ലാ കേസുകളും കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച പാടില്ല. രോഗം സംശയിച്ചാല്‍ ഉടന്‍ ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രോഗബാധ സംശയിച്ചാല്‍ എത്രയും വേഗം ആരോഗ്യമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

ലോകത്താകമാനം നൂറിലേറെ പേരില്‍ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്,യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ല. വസൂരി പോലെയുള്ള രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ ഓര്‍ത്തോപോക്സ് വൈറസ് ഗണത്തില്‍പെട്ടതാണ് കുരങ്ങുപനി പരത്തുന്ന വൈറസ്. എന്നാല്‍ രോഗലക്ഷണം അത്ര വലുതായിരിക്കില്ല. 1980ല്‍ വാക്സീന്‍ ഉപയോഗത്തോടെ വസൂരിയെ തുടച്ചുമാറ്റിയെങ്കിലും കുരങ്ങുപനിയെ പൂര്‍ണമായും തടയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

പനിയും ത്വക്കില്‍ ചുണങ്ങും ഉണ്ടാക്കുന്ന ഒരു വൈറസാണിത്. പനി, വിറയല്‍, തലവേദന, പേശിവേദന, ക്ഷീണം, ലിംഫ് നോഡുകള്‍ വീര്‍ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത്. ശരീര സ്രവങ്ങള്‍, ചര്‍മ്മ വ്രണങ്ങള്‍, വായ അല്ലെങ്കില്‍ തൊണ്ട പോലുള്ള ആന്തരിക മ്യൂക്കോസല്‍ പ്രതലങ്ങള്‍, ശ്വസന തുള്ളികള്‍, അണുബാധയുള്ള വസ്തുക്കള്‍ എന്നിവയിലൂടെ പകരാം.

1958-ല്‍ കുരങ്ങുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് കുരങ്ങുപനി എന്ന പേരിട്ടത്. കൂടുതല്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.