‘ജീവ’ ഇഫ്താർ മീറ്റും സാംസ്‌കാരിക സംഗമവും സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദയിലെ മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശികളുടെ സാംസ്കാരിക കൂട്ടായ്മയായ ‘ജീവ’ ഇഫ്താർ മീറ്റും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു. ഷറഫിയ്യ ധന കാർഗോ കോമ്പൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ ജീവയുടെ നേതൃത്വത്തിൽ നടക്കുന്ന ആംബുലൻസ് സർവീസുകളുടെയും പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന് രോഗികളെ വീട്ടിൽ സന്ദർശിച്ചു പരിചരിക്കുന്നതിന് വേണ്ടി നൽകിയ വാഹനത്തിന്റെയും മറ്റു ജീവ കാരുണ്യ പദ്ധതികളുടെയും കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. കൂടാതെ എടത്തനാട്ടുകരയുടെ അനുഗ്രഹീത എഴുത്തുകാരൻ ഇബ്നു അലി എടത്തനാട്ടുകരയുടെ പുതിയ കൃതിയായ ‘ഓർമ്മകളുടെ ഓലപ്പുരയിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.

കരീം മണ്ണാർക്കാട് കൃതിയെയും കഥാ കൃത്തിനെയും സദസ്സിന് പരിചയപ്പെടുത്തി. അബ്ദുൽ മജീദ് നഹ ജീവ പ്രസിഡന്റ് നൗഷാദ് പള്ളത്തിന് ആദ്യ പുസ്തകം കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നദീർ ഒതുക്കുംപുറത്ത്, ശിഹാബ് നീരാൻകുഴിയിൽ, ജംഷാദ് പള്ളിപ്പെറ്റ, ഇർഫാൻ, സഫർ കാപ്പുങ്ങൾ, ജംഷീർ ബാബു തുടങ്ങിയവർ പങ്കെടുത്തു.