സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ നടപടി, ഉത്തരവ് പുറത്തിറക്കി

0
4092

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ നടപടിയെടുക്കും. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകൾക്കിടെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് പുതിയ തീരുമാനം. അതേസമയം, പിഴത്തുക എത്രയാണെന്ന് ഉത്തരവില്‍ പറയുന്നില്ല. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്.

കൊവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കൊവിഡ് വീണ്ടും വ്യാപിക്കുകയാണ്.