സഊദിയിൽ പരിശോധന ശക്തമായി തുടരുന്നു, ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്‌തത്‌ 12,920 വിദേശികളെ

0
4137

റിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 12,920 ഓളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 28 മുതൽ ഏപ്രിൽ 6 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് ഇത്രയധികം ആളുകളെ അറസ്റ്റ് ചെയ്‌തത്‌.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറസ്റ്റിലായവരിൽ 8,171 താമസ നിയമ ലംഘകരും 3,102 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,647 ലേറെ തൊഴിൽ നിയമ ലംഘകരും ഉൾപ്പെടും. 106 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിട്ട് അഭയം നൽകിയ 11 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു.

നിലവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 98,260-ലധികമാണ്. ഇവരിൽ 89,417-ലധികം പുരുഷന്മാരും 8,843 സ്ത്രീകളും ഉൾപ്പെടും. അതേസമയം 84,030 നിയമലംഘകരെ നാടുകടത്തുന്നതിനുള്ള യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു.

അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പത്ത് ലക്ഷം റിയാൽ വരെ പിഴയും കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുന്നതിനു പുറമേ, ഗതാഗത, താമസ സൗകര്യങ്ങൾ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പുണ്ട്.