ജിദ്ദ: പ്രവാസ വിരാമ സാഹചര്യത്തിൽ നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന മലപ്പുറം ജില്ലാ കെ.എം.സി.സി കുടുംബ സുരക്ഷാ അംഗത്വ ക്യാമ്പയിൻ രണ്ടാഴ്ചത്തേക്ക് കൂടി ഭാഗികമായി നീട്ടുന്നതായി ജില്ലാ കെ.എം.സി.സി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
ജിദ്ദയിലെ നിലവിലെ തൊഴിൽ-താമസ-വാണിജ്യ പരിഷ്കാരങ്ങൾ കാരണം യഥാസമയം അംഗത്വ പ്രക്രിയ പൂർത്തീകരിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ പ്രവർത്തക സമിതി അംഗങ്ങളുടേയും കോർഡിനേറ്റർമാരുടേയും അഭ്യർത്ഥന മാനിച്ചാണ് അംഗത്വ കാംപയിൻ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുന്നതെന്നും ദീർഘിപ്പിച്ച കാലയളവിൽ അംഗത്വ കാംപയിൻ ഓൺലൈനിൽ തുടരുമെന്നും എന്നാൽ ഫോം വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും ഭാരവാഹികൾ അറിയിച്ചു.
ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് പൂർണ്ണ സമ്മതത്തോടെ അംഗങ്ങൾ നൽകുന്ന സംഭാവന സമാഹരിച്ച് നടത്തപ്പെടുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ ചികിത്സാ – മരണാനന്തര സഹായങ്ങൾക്ക് പുറമെ കഴിഞ്ഞ വർഷംമുതൽ പ്രവാസ വിരാമ ആനുകൂല്യങ്ങളും ഉൾപ്പെടുന്നതിനാൽ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ‘ഗ്രൂപ്പ് എൻറോൾമെൻറ്’, പ്രവാസി കുടുംബിനികളെ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക ക്യാമ്പയിനും ഈ രണ്ടാഴ്ചക്കിടയിൽ നടത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ജിദ്ദ-മലപ്പുറം ജില്ലാ കെ എം സി സി യുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ ചേർന്ന് പ്രവാസ വിരാമ പദ്ധതി പ്രകാരം നാട്ടിൽ പോകുന്ന പ്രവാസിക്ക് ഇരുപത്തയ്യായിരം രൂപ വരെ നൽകുന്ന പദ്ധതിയും ജീവിച്ചിരിക്കെ തന്നെ ജോലി ചെയ്യാൻ സാധിക്കാത്ത രൂപത്തിൽ അപകടത്തിൽ പെടുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതിയും തുടരുമെന്നും എന്നാൽ നിലവിലെ സ്കീമിന്റെ കാലാവധി 2022 മാർച്ച് 31 ന് അവസാനിച്ചതിനാൽ, ദീർഘിപ്പിച്ച കാലയളവിൽ പുതുക്കുന്നവരുടെ അംഗത്വം സാധുവാക്കുന്നതിന് എത്രയും പെട്ടെന്ന് അപ്പ്രൂവൽ നേടണമെന്നും, അംഗത്വ സ്റ്റാറ്റസ് www.jillakmcc.info എന്ന വെബ്സൈറ്റിൽ ഉറപ്പ് വരുത്തണമെന്നും മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ ഹബീബ് കല്ലൻ, സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ എന്നിവർ അറിയിച്ചു.




