ബിനാമി പരിശോധന വസ്ത്ര, അനുബന്ധ ഷോപ്പുകളിൽ; ഓടി രക്ഷപെട്ട് വിദേശികൾ (വീഡിയോ)

0
7327

റിയാദ്: സഊദിയിൽ ബിനാമി ബിസിനസ് കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമായി തുടരുന്നു. ബിനാമി ബിസിനസ് പദവി ശരിയാക്കാനുള്ള സമയ പരിധി അവസാനിച്ചത് മുതൽ പരിശോധന എല്ലാ മേഖലയിലെയും ബിസിനസ് സ്ഥാപനങ്ങളിലും നടക്കുന്നുണ്ട്. വാണിജ്യപരമായ ഇത്തരം വഞ്ചനകൾ ചെറുക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി 20 സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് വാണിജ്യ മന്ത്രാലയം പരിശോധന നടത്തുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തെ വസ്ത്ര, അനുബന്ധ വസ്തുക്കൾ വിൽക്കുന്ന മേഖലകളിലെ സ്ഥാപനങ്ങളിലും പരിശോധന തുടങ്ങിയിട്ടുണ്ട്. പല കേന്ദ്രങ്ങളിലും പരിശോധനക്കായി പ്രത്യേക ഉദ്യോഗസ്ഥർ എത്തുന്ന വേളയിൽ സ്ഥാപനം അടച്ചുപൂട്ടിയും തുറന്ന നിലയിലും തൊഴിലാളികൾ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. പലയിടത്തും ഇത്തരത്തിലുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങൾ അധികൃതർ അടച്ചു പൂട്ടി സീൽ ചെയ്തിട്ടുണ്ട്.

വിവിധയിടങ്ങളിൽ നിന്ന് സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളെയും നടത്തിപ്പുകാരേയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതിന്റെയും സ്ഥാപനങ്ങൾ അടച്ചുപൂട്ടി സീൽ വെക്കുന്നതിന്റെയും ദൃശ്യങ്ങൾ വാണിജ്യ മന്ത്രാലയം പുറത്ത് വിട്ടു.

പദവി ശരിയാക്കാതെ വാണിജ്യപരമായ ഇത്തരത്തിലുള്ള മറച്ചുവെക്കൽ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് വിശദീകരിച്ചുകൊണ്ട് നിയമലംഘനങ്ങൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കുന്നതിന് നടപടികൾ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന നിയമലംഘകരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മന്ത്രാലയം സൂചിപ്പിച്ചു.

വീഡിയോ 👇